മാനം ഇരുളുമ്പോൾ കുരുന്നുകളുടെ മനം പിടയും
text_fieldsകുറ്റ്യാടി: മുൻഭാഗത്ത് കുത്തിയൊഴുകുന്ന പുഴ, പിന്നിൽ കൂറ്റൻ മരങ്ങൾ, ചളിക്കളമായ റോഡ്, മഴ കനത്താലുടൻ മലവെള്ള ഭീഷണി, കാറ്റ് കൂടിയാൽ മരങ്ങൾ കടപുഴകുമെന്ന ഭീതി, കുറ്റ്യാടി ടൗണിന് സമീപം ചെറുപുഴതീരത്തെ തോട്ടംഭാഗം അംഗൻവാടിയുടെ ഗതിയാണിത്. രണ്ടാഴ്ച മുമ്പ് ചെറുപുഴ കരകവിഞ്ഞ് അംഗൻവാടിയിൽ വെള്ളം കയറിയിരുന്നു.
രക്ഷാപ്രവർത്തകരാണ് സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. ഞായറാഴ്ചത്തെ കനത്ത മഴയിൽ പുഴവെള്ളം മുറ്റത്തെത്തി. സുരക്ഷ ഭിത്തിയോ കൈവരിയോ ഇല്ല. കണ്ണുതെറ്റിയാൽ കുട്ടികൾ പുഴയിൽ പതിക്കും. വൈകീട്ട് വിടുന്നതുവരെ അധ്യാപികക്കും ആയക്കും ഉള്ളിൽ തീയാണ്. മരങ്ങളിൽ ചിലത് പഞ്ചായത്ത് വെട്ടിയതോടെ കുറെ ആശ്വാസമുണ്ട്.
വെള്ളപ്പൊക്ക ഭീഷണിയുള്ള പുഴത്തീരത്ത് അംഗൻവാടി പണിയരുതെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടതാണ്. തീരം ഉയർത്തുകപോലും ചെയ്യാതെയാണ് കെട്ടിടം നിർമിച്ചത്. വെള്ളപ്പൊക്കവും ചോർച്ചയും കാരണം നിലവിലെ കെട്ടിടം ശോച്യാവസ്ഥയിലാണ്. സുരക്ഷിത സ്ഥാനത്ത് മാറ്റിനിർമിക്കണമെന്നാണ് ആവശ്യം.
മഴക്കെടുതി തുടരുന്നു, കോഴിക്കോട് ജില്ലയില്‍ രണ്ടു ദുരിതാശ്വാസ ക്യാമ്പുകള്‍
കോഴിക്കോട്: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. രണ്ടു ദുരിതാശ്വാസ ക്യാമ്പുകളിലായി 89 പേരാണുള്ളത്. മാവൂർ കച്ചേരിക്കുന്ന് സാംസ്കാരിക നിലയത്തിലാണ് കോഴിക്കോട് താലൂക്കിലെ ക്യാമ്പ്. രണ്ടു കുടുംബത്തിൽ നിന്നുള്ള എട്ടു പേർ ഈ ക്യാമ്പിലുണ്ട്.
താമരശ്ശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജില്‍ ചെമ്പുകടവ് ഗവ. ജി.യു.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ 27 കുടുംബങ്ങളുണ്ട്. ഇവിടെ 25 പുരുഷന്മാരും 28 സ്ത്രീകളും 28 കുട്ടികളും ഉള്‍പ്പെടെ ആകെ 81 പേരാണുള്ളത്.ശക്തമായ മഴയില്‍ കൊയിലാണ്ടി താലൂക്കിലെ ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു.
മൂടാടി, കൊഴുക്കല്ലൂര്‍, കീഴരിയൂര്‍ വില്ലേജുകളിലെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. വടകര താലൂക്കില്‍ 33 വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് നാദാപുരം വില്ലേജിലെ പുതിയറ താഴക്കുനി ക്വാർട്ടേഴ്സില്‍ താമസിക്കുന്ന രണ്ടു കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു.
അതിനിടയിൽ ബാലുശ്ശേരി കോട്ടനട മഞ്ഞപ്പുഴയിൽ തിങ്കളാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഉണ്ണൂലുമ്മൽകണ്ടി മിഥിലാജിന്റെ (21) മൃതദേഹമാണ് മഞ്ഞപ്പുഴയുടെ ആറാളക്കൽ ഭാഗത്തുനിന്ന് കണ്ടെത്തിയത്. സംസ്ഥാന പാതയിൽ മുക്കത്തിനടുത്ത് കറുത്തപറമ്പിന് സമീപം കുന്നിടിച്ച് പെട്രോൾ പമ്പിനായി നിർമാണം നടക്കുന്ന ഭാഗത്ത് കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതത്തിനും ഭീഷണിയായിട്ടുണ്ട്.
മെഡിക്കൽ കോളജ് ഗവ. നഴ്സിങ് കോളജ് വളപ്പിലെ മതിൽ മഴയെത്തുടർന്ന് ഇടിഞ്ഞുവീണിരുന്നു. വടകര പൊന്മേരി പറമ്പിൽ കിണർ താഴ്ന്നു. പടിക്കലക്കണ്ടി അന്ത്രുവിന്റെ വീടിനോടു ചേർന്ന കിണറാണ് ശക്തമായ മഴയിൽ ഇടിഞ്ഞു താഴ്ന്നത്. കിണറ്റിൽ സ്ഥാപിച്ചിരുന്ന രണ്ടു മോട്ടോറുകളും സുരക്ഷക്കായി കിണറിനു മുകളിൽ സ്ഥാപിച്ചിരുന്ന കമ്പിവേലിയും കിണറിലേക്ക് താഴ്ന്നുപോയി. 75,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.