കുറ്റ്യാടിയിൽ കുട്ടിക്കൂട്ടങ്ങളുടെ ‘ഗുണ്ടാവിളയാട്ടം’
text_fieldsകുറ്റ്യാടി: സ്കൂളുകളിലും ടൗണിലും കുട്ടിക്കൂട്ടങ്ങളുടെ ഗുണ്ടാവിളയാട്ടം പൊലീസിനും നാട്ടുകാർക്കും തലവേദനയാവുന്നു. കള്ളാട് താഴെകരുണാംവീട്ടിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഷാമിലിനെയാണ് (20) ചൊവ്വാഴ്ച രാത്രി കുറ്റ്യാടി വയനാട് റോഡിലെ റെഡിമെയ്ഡ് ഷോപ്പിൽ കയറി ക്രൂരമായി മർദിച്ചത്.
പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയൽ ചികിത്സ തേടി. കുറ്റ്യാടി പൊലീസ് മൊഴിയെടുത്തു. അമ്പതോളം പേർ രാത്രി പത്തരക്ക് കടയിൽ എത്തി തന്നെയും കടയിലുണ്ടായിരുന്ന നാജിദിനെയും മർദിക്കുകയാണുണ്ടായതെന്ന് ഷാമിൽ പറഞ്ഞു.
മർദനത്തിന് ശേഷവും സ്ഥലത്ത് തമ്പടിച്ചു നിന്നവരെ പൊലീസ് എത്തിയാണ് മാറ്റിയത്. നേരത്തേ ദേവർകോവിലിൽ ഇവരുടെ മുന്നിലൂടെ ഹോണടിച്ച് പോന്നതിനാണ് ആക്രമണം. അന്ന് മർദിക്കുകയും പിന്നീട് പ്രശ്നം പറഞ്ഞു തീർത്തതുമാണ്.
മറ്റൊരു കുട്ടിക്കും മുമ്പ് സംഘത്തിന്റെ മർദനമേറ്റിരുന്നു. കഴിഞ്ഞ മാസം കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ പല്ല് അടിച്ചു തെറിപ്പിച്ചവർ ഈ കൂട്ടത്തിലുണ്ടെന്നും ആരോപണമുണ്ട്. ഇതിനു മുമ്പും സംഘർഷം നടന്നതിനാൽ സ്കൂൾ പരിസരത്ത് പൊലീസ് കാവൽ നിന്നിട്ടും മറ്റു വഴിയിലൂടെ വന്ന് കുട്ടിയെ മർദിക്കുകയായിരുന്നു.
അന്ന് കുറ്റ്യാടി പൊലീസ് റാഗിങ് വിരുദ്ധ നിയമപ്രകാരം കേസെടുത്തതാണ്. നൂറോളം പേരുള്ള വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച് ആവശ്യ സമയത്ത് വിളിച്ചുകൂട്ടി ‘അറ്റാക്ക്’ നടത്തുകയാണ് രീതിയെന്നും പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.