ഷോപ്പിങ് കോംപ്ലക്സില്ല; പകരം ഓപൺ ജിംനേഷ്യം
text_fieldsകുറ്റ്യാടി: കാവിലുമ്പാറ ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ തൊട്ടിൽപാലം ടൗണിലെ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് പുനഃസ്ഥാപിക്കുന്നില്ലെന്നും പകരം ഓപൺ ജിംനേഷ്യം സ്ഥാപിക്കാനാണ് തീരുമാനമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ജി. ജോർജ് അറിയിച്ചു.
പഞ്ചായത്ത് ഓഫിസ്, പൊലീസ് സ്റ്റേഷൻ, സബ്ട്രഷറി, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിച്ചിരുന്ന ടൗണിന്റെ കണ്ണായ സ്ഥലത്തുനിന്ന് വൻ വരുമാനം ഉണ്ടാക്കാമെങ്കിലും ഇരുപതോളം സെന്റ് സ്ഥലം ആറു മാസത്തിലേറെയായി വെറുതെ കിടക്കുകയാണ്. വാഹന പാർക്കിങ്ങിനാണ് ഈ സ്ഥലം ഉപയോഗിക്കുന്നത്.
എന്നാൽ, ഫീസൊന്നും പിരിക്കുന്നുമില്ല. ടൗണിൽ ഇങ്ങനെയൊരു ഒഴിഞ്ഞ ഇടം ഇനി ലഭിക്കില്ലെന്നും ആളുകൾക്ക് വ്യായാമം ചെയ്യാനും ഒഴിവുസമയം ചെലവഴിക്കാനും അനുയോജ്യമാണെന്നും പ്രസിഡന്റ് പറഞ്ഞു. തൊട്ടിൽപാലം പുഴയുടെ വക്കിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്.
പൊലീസ് സ്റ്റേഷൻ, സബ്ട്രഷറി, പഞ്ചായത്ത് ഓഫിസ് എന്നിവക്ക് ഇപ്പോൾ സ്വന്തം കെട്ടിടമുണ്ട്. ഇവ മൂന്നും നഗരത്തിരക്കിൽനിന്ന് ഒഴിഞ്ഞ സ്ഥലത്താണ് പ്രവർത്തിക്കുന്നത്. യു.ഡി.എഫ് ഗ്രാമപഞ്ചായത്ത് ഭരിച്ച കാലത്താണ് ഷോപ്പിങ് കോംപ്ലക്സ് പണിതത്.
എന്നാൽ, സർക്കാർ ധനകാര്യ ഏജൻസിയിൽനിന്ന് വാങ്ങിയ കടം തിരിച്ചടക്കാനാവാത്തതും സ്ഥാപനം വക്കീൽ േനാട്ടീസ് അയച്ചതും വിവാദമായിരുന്നു. പിന്നീട് കെട്ടിടം തകർന്നുവീഴാറായപ്പോൾ പൊളിച്ചുമാറ്റിയതിനെ ചൊല്ലിയും വിവാദമുണ്ടായി. കെട്ടിടത്തിന്റെ സ്ലാബ് അടർന്ന് റോഡിൽ വീഴുന്നത് പതിവായിരുന്നു. ആറുമാസം മുമ്പാണ് കെട്ടിടം പൊളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.