കാവിൽ-തീക്കുനി-കുറ്റ്യാടി റോഡ്: കരാറുകാരനെ നീക്കിയതിനെതിരെ നൽകിയ ഹരജി കോടതി തള്ളി
text_fieldsകുറ്റ്യാടി: കാവിൽ -തീക്കുനി -കുറ്റ്യാടി റോഡ് പ്രവൃത്തി ഭാഗികമായി നിർത്തിവെച്ച കരാറുകാരനെ പൊതുമരാമത്ത് വകുപ്പ് ടെർമിനേറ്റ് ചെയ്ത നടപടിക്കെതിരെ കരാറുകാരൻ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളിയതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു.
മേമുണ്ട മുതൽ ആയഞ്ചേരി വരെയുള്ള പ്രവൃത്തിയാണ് നടന്നു വരുന്നത്. ഗതാഗതത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടായ അവസ്ഥയിൽ നിരന്തരം കരാറുകാരനുമായി വകുപ്പുതലത്തിലും നേരിട്ടും ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രവൃത്തി പുനരാരംഭിക്കാത്ത അവസ്ഥയിലായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ നടപടി.
കരാറുകാരന്റെ അനാസ്ഥയാണ് പ്രവൃത്തി ഭാഗികമായി നിന്നു പോയതിന് കാരണമെന്നും പറഞ്ഞു കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും പ്രവൃത്തികൾ ഈ കരാറുകാരന്റെ റിസ്ക് ആൻഡ് കോസ്റ്റിൽ ടെൻഡർ ചെയ്യുകയും ഉണ്ടായി. എന്നാൽ കരാറുകാരൻ പൊതുമരാമത്ത് വകുപ്പ് എടുത്ത നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുകയും ബാക്കി പ്രവൃത്തികളുടെ ടെൻഡർ നിശ്ചിത ദിവസത്തേക്ക് തുറക്കരുതെന്നുള്ള നിർദേശം ഹൈകോടതി പൊതുമരാമത്ത് വകുപ്പിന് നൽകുകയുമുണ്ടായി.
തുടർന്ന് സർക്കാറിന്റെ പ്ലീഡർ പൊതുമരാമത്ത് വകുപ്പിന്റെ വാദങ്ങൾ അറിയിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഹൈകോടതി ബാക്കി പ്രവൃത്തികളുടെ ടെൻഡർ തുറക്കാൻ അനുമതി നൽകുകയുമാണ് ഉണ്ടായത്. ബാക്കി പ്രവൃത്തികളുടെ ടെൻഡർ ഒരു മാസം മുമ്പ് തന്നെ വിളിച്ചിരുന്നു.
എന്നാൽ വകുപ്പിന്റെ നടപടികൾക്കെതിരെ കരാറുകാരൻ ഹൈകോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാതെ വരുകയുണ്ടായി. കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ റോഡിന്റെ ബാക്കി പ്രവൃത്തികളുടെ ടെൻഡർ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.