കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ -വി.ഡി. സതീശൻ
text_fieldsകുറ്റ്യാടി: ഉദ്യോഗസ്ഥരുടെ അഴിമതികൊണ്ടും കെടുകാര്യസ്ഥതകൊണ്ടും സംസ്ഥാനത്ത് നികുതി പിരിവ് ഇല്ലാതായെന്നും കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസയായി മാറിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് ആഭിമുഖ്യത്തിൽ തൊട്ടിൽപാലത്ത് നടന്ന കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണത്തിന് 25 കൊല്ലം മുമ്പ് പവന് 4000 രൂപ ഉണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന നികുതിയാണ് പന്ത്രണ്ട് ഇരട്ടി വില വർധിച്ചിട്ടും ഇപ്പോഴും ഈടാക്കുന്നത്. ബാറുകൾ ഏറെ വർധിച്ചിട്ടും നികുതി കൂടുന്നില്ല. നികുതി പിരിക്കാൻ അറിയാത്ത സർക്കാർ എന്തിനാണ് അധികാരത്തിലിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഖജനാവ് കാലിയാക്കി 44 ദിവസം മുഖ്യമന്ത്രിയും സംഘവും തലസ്ഥാനം വിട്ട് നവകേരള സദസ്സിന് പോയി. എല്ലാ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതികളും ഇല്ലാതായി, ലൈഫ് ഭവന പദ്ധതി തകർത്ത് തരിപ്പണമാക്കി.
കെ.എസ്.ആർ.ടി.സിയും സപ്ലൈകോയും പൂട്ടാറായി. സബ്സിഡിയുള്ള പതിമൂന്ന് നിത്യോപയോഗ സാധനങ്ങളും സപ്ലൈകോയിൽ കിട്ടുന്നില്ല. വർഷംതോറും വൈദ്യുതി ചാർജ് കൂട്ടുമെന്ന ഭീഷണിയാണ് വകുപ്പുമന്ത്രി നൽകിയത്. ഏഴരക്കൊല്ലം കൊണ്ട് 40,000 കോടിയാണ് വൈദ്യുതി ബോർഡിന്റെ കടം. വിലക്കയറ്റംമൂലം സാധാരണക്കാർക്ക് വീട്ടുചെലവിൽ മാസം പതിനായിരം രൂപയുടെ വർധനയാണ് -അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യ പ്രഭാഷണം നടത്തി.ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ്, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, ജില്ല ജനറൽ സെക്രട്ടറി ടി.ടി. ഇസ്മാഈൽ, യു.ഡി.എഫ് ജില്ല ചെയർമാൻ കെ. ബാലനാരായണൻ, കേരള കോൺഗ്രസ് ജില്ല ചെയർമാൻ പി.എം. ജോർജ്, സി.കെ. സുബൈർ, അഹമ്മദ് പുന്നക്കൽ, നിജേഷ് അരവിന്ദ്, കെ.ടി. ജയിംസ്, വി.പി. കുഞ്ഞബ്ദുല്ല, അഡ്വ. കെ. സജീവൻ, ജോൺ പൂതക്കുഴി, എൻ.കെ. മൂസ, കെ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
തിരുവള്ളൂർ: സംസ്ഥാനത്തെ സർവ മേഖലയും തകർത്ത ഇടതു സർക്കാറിന്റെ നടപടി തലമുറകൾക്കുപോലും ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും ധാർഷ്ട്യവും കൈമുതലാക്കിയ സർക്കാറാണ് കേരളം ഭരിക്കുന്നത്. കുറ്റ്യാടി നിയോജക മണ്ഡലം കുറ്റവിചാരണ സദസ്സ് തിരുവള്ളൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് നടപ്പാക്കിയ കാരുണ്യ ചികിത്സ സഹായ പദ്ധതി അട്ടിമറിച്ചു. മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ പെൻഷൻ നഷ്ടപ്പെടുത്തി.
വിവിധ ക്ഷേമനിധി ഓഫിസുകൾ അടക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങി -അദ്ദേഹം കുറ്റപ്പെടുത്തി. വി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. മുരളീധരൻ എം.പി മുഖ്യാതിഥിയായി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. പാറക്കൽ അബ്ദുല്ല, എം.എ. റസാഖ് മാസ്റ്റർ, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ, അഷ്കർ ഫാറൂഖ്, ദിവ്യ ബാലകൃഷ്ണൻ, വി.സി. ചാണ്ടി, ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, അഡ്വ. പ്രമോദ് കക്കട്ടിൽ, ചുണ്ടയിൽ മൊയ്തു ഹാജി, സബിത മണക്കുനി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.