കുറ്റ്യാടി ജ്വല്ലറി തട്ടിപ്പ് കേസ്: മാനേജിങ് പാർട്ണർ അറസ്റ്റിൽ
text_fieldsകുറ്റ്യാടി: ഇടപാടുകാരിൽനിന്ന് ലക്ഷക്കണക്കിന് രൂപയും വൻതോതിൽ സ്വർണവും നിക്ഷേപമായി സ്വീകരിച്ച് ജ്വല്ലറി പൂട്ടി മുങ്ങിയ പരാതിയിൽ ഒരാൾ അറസ്റ്റിൽ. കുറ്റ്യാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറികളുടെ മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വലിക്കെപറമ്പത്ത് സമീർ എന്ന വി.പി. സബീറിനെയാണ് (42) കുറ്റ്യാടി സി.െഎ ടി.ടി. ഫർഷാദ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പില്ലാതെ ജ്വല്ലറിയുടെ കുറ്റ്യാടി, നാദാപുരം, പയ്യോളി ശാഖകൾ പൂട്ടി നടത്തിപ്പുകാർ സ്ഥലംവിട്ടതിനാൽ നിക്ഷേപകർ സബീറിനെയും മറ്റ് ഉടമകളെയും ബന്ധപ്പെട്ടിട്ടും കിട്ടാതായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
വെള്ളിയാഴ്ച മുതൽ പൊലീസ് തിരയുന്നതിനിടയിൽ ഞായറാഴ്ച രാവിലെ സബീർ കുറ്റ്യാടി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സ്വർണാഭരണങ്ങളും പണമായും കുറ്റ്യാടി ജ്വല്ലറിയിൽ മാത്രം 20 കോടിയിൽപരം രൂപയുടെ തുക കൈപ്പറ്റിയതായി ലഭിച്ച പരാതികളിൽനിന്ന് വ്യക്തമാവുന്നതായി സി.െഎ പറഞ്ഞു. മറ്റു ജ്വല്ലറികളിലെ പരാതികൾ അതത് പരിധിയിലെ സ്റ്റേഷനുകളിലാണ് നൽകിയിരിക്കുന്നത്.
ജില്ല പൊലീസ് മേധാവി ശ്രീനിവാസൻ, നാദാപരും ഡിവൈ.എസ്.പി ജേക്കബ് എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക സ്ക്വാഡാണ് അന്വേഷിക്കുന്നത്. നിലവിൽ വഞ്ചനക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടികളുടെ ഇടപാടായതിനാൽ കേസ് ക്രൈംബ്രാഞ്ച് പോലെയുള്ള പ്രത്യേക ഏജൻസികളെ ഏൽപിക്കാനും സാധ്യതയുള്ളതായി പറഞ്ഞു.
ഞായറാഴ്ച രാത്രി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംെചയ്യും. പരാതിയുടെ അടിസ്ഥാനത്തിൽ പാർട്ണർമാരായ ടി. മുഹമ്മദ്, പി.കെ. ഹമീദ്, മുഹമ്മദ് എന്നിവരും പ്രതികളാണ്. നടത്തിപ്പുകാർക്കെതിരിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ രണ്ടു പേർ വിദേശത്തേക്കു കടന്നതായി നിേക്ഷപകർ പറയുന്നു.
പാർട്ണർമാരിൽ അധിക പേരുെടയും വീടുകൾ അടച്ചിട്ട് കുടുംബം മാറിത്താമസിച്ചതായി പൊലീസ് പറഞ്ഞു. അറസ്റ്റിലായ സബീറുമായി ഞായറാഴ്ച പൊലീസ് ഇയാളുടെ കുളങ്ങരത്താഴയിലെ വീട്ടിൽ പരിശോധന നടത്തി. വിവിധ നിേക്ഷപങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ, ആധാർ കാർഡ്, പാൻകാർഡ്, ബാങ്ക് പാസ്ബുക്ക് കോപ്പികൾ എന്നിവ ലഭിച്ചു. പണമോ സ്വർണമോ ലഭിച്ചില്ലെന്നും പറഞ്ഞു. ഒമ്പതു വർഷമായി പ്രവർത്തിക്കുന്ന ജ്വല്ലറിയിൽനിന്ന് കഴിഞ്ഞ ലോക്ഡൗൺ വരെ ലാഭവിഹിതം നൽകിയിരുന്നതായും ശേഷം വലിയ നിക്ഷേപങ്ങളിൽ ചിലത് പിൻവലിച്ചതോടെ ഇടപാട് നടത്തിക്കൊണ്ടുപോകാനാവാത്ത സ്ഥിതി വരുകയാണുണ്ടായതെന്നും പറയുന്നു.
നൂറോളം പരാതികളാണ് ഞായറാഴ്ച വൈകീട്ടുവരെ ലഭിച്ചത്. ഇതിൽ ഫറോക്ക് സ്വദേശിക്കാണ് ഏറ്റവും കൂടുതൽ തുകയുള്ളത്- 75 ലക്ഷം രൂപ. നിേക്ഷപകരെ കൂടാതെ മൊത്ത വിലക്ക് സ്വർണം നൽകിയ കൊടുവള്ളി, രാമനാട്ടുകര ഭാഗങ്ങളിലെ വ്യാപാരികളും പരാതികളുമായി എത്തിയിരുന്നു. ഇവർക്കും ലക്ഷങ്ങൾ നൽകാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.