പ്രവൃത്തി തുടങ്ങി രണ്ടു വർഷം; കുറ്റ്യാടി ടൗൺ വികസനപദ്ധതി ഇഴയുന്നു
text_fieldsകുറ്റ്യാടി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങിയ കുറ്റ്യാടി ടൗൺ വികസന പ്രവൃത്തികൾ ഇഴയുന്നു. നാദാപുരം, കോഴിക്കോട്, വയനാട് റോഡുകളിൽ ഓവുചാലുകൾ പരിഷ്കരിച്ച് നടപ്പാതയും കൈവരിയും നിർമിച്ച് ടൈൽ പാകുന്നതിന് രണ്ടു കോടിയാണ് അനുവദിച്ചത്. രണ്ട് സാമ്പത്തിക വർഷം കഴിഞ്ഞിട്ടും പാതിപോലും പൂർത്തിയായില്ല. മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ശ്രമഫലമായി ലഭിച്ച പദ്ധതി ഒരു കൊല്ലം കൊണ്ട് പൂർത്തിയാവേണ്ടതായിരുന്നു. എന്നാൽ, നാദാപുരം റോഡിലും, വയനാട് റോഡിലും കോഴിക്കോട് റോഡിലും ചെറിയ ചെറിയ ഭാഗങ്ങളാണ് പൂർത്തിയാക്കിയത്.
മെയിൻ കരാറുകാരൻ മറ്റൊരാൾക്ക് സബ്കോൺട്രാക്ട് കൊടുക്കുകയും അയാൾ വേറൊരാൾക്ക് പണി ഏൽപിച്ചുകൊടുത്തു എന്നുമാണ് അറിയാൻ കഴിഞ്ഞത്. നാദാപുരം, കോഴിക്കോട് റോഡുകളിൽ തുടങ്ങിയ പണി പൂർത്തിയാക്കാതെ ഇപ്പോൾ വയനാട് റോഡിലാണ് പ്രവൃത്തി നടന്നുവരുന്നത്.
ഈ റോഡിൽ തന്നെ ആദ്യം തുടങ്ങിയ ഭാഗം തീർക്കാതെ മറ്റൊരു ഭാഗത്താണ് പണി നടക്കുന്നത്. ആദ്യം പണി നടന്ന ഭാഗത്തെ കടകളിൽ ചിലത് അടച്ച നിലയിലാണ് പണി പൂർത്തിയായാലേ അവർക്ക് തുറക്കാൻ കഴിയൂ. പഴയ ഓവുകൾ കിളച്ചു മാറ്റി പുതിയതിനായി ആഴമുള്ള കാനകൾ കീറിയിട്ടുണ്ട്. ഇത് ചില കെട്ടിടങ്ങൾക്ക് തന്നെ ഭീഷണിയായി. വേനൽമഴ തുടങ്ങിയതോടെ ഓവുകളിൽ വെള്ളം നിറയുകയും മണ്ണ് ഒലിച്ചു പോവുകയും ചെയ്യുന്നുണ്ട്. ഈ പ്രവൃത്തി ആരംഭിച്ച കാലത്താണ് മറ്റൊരു കരാറുകാർ ടൗണിലെ മരുതോങ്കര റോഡ് വികസനവും ഓവുചാൽ പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കിയത്. വയനാട് റോഡിൽ പണി ഇഴയുന്നതിനെതിരെ യൂത്ത്കോൺഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു.ഇതിനു ശേഷം അൽപം പണി നീങ്ങി. വീണ്ടും നിലച്ചതോടെ സി.പി.എം വകുപ്പ് മന്ത്രിയെക്കണ്ട് പരാതി നൽകി.വീണ്ടും കുറച്ചുനാൾ പണി നീങ്ങി.
ഒ.ടി. നഫീസ - കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്
''പൊതുമരാമത്ത് വകുപ്പ് എൻജിനീയർ, ജോലിക്ക് മേൽനോട്ടം വഹിക്കുന്നവർ എന്നിവരെ പഞ്ചായത്ത് ഓഫിസിൽ വിളിച്ചു വരുത്തി പ്രവൃത്തി മഴക്കു മുമ്പ് പൂർത്തിയാക്കാൻ നിർദേശിച്ചിട്ടുണ്ട്. കാസർക്കോട്ടുകാരനായ കരാറുകാരൻ പണി മറ്റൊരാൾക്ക് ഏൽപിച്ചു കൊടുത്തതാണ്. കാലാവധി തീരുമ്പോൾ അവർ വകുപ്പിൽ ഇടപെട്ട് പണിയുടെ കാലാവധി നീട്ടി വാങ്ങിക്കുകയാണ്.മേയ് അവസാനം പണി തീർക്കുമെന്നാണ് കരാറുകാരുമായി ബന്ധപ്പെട്ടവർ പറഞ്ഞത്. ഇനി കുറ്റ്യാടി പഞ്ചായത്തിൽ ഈ കരാറുകാരന് ഒരു പണിയും ലഭ്യമാക്കാതിരിക്കാൻ ശ്രദ്ധിക്കും''.
എ.സി. അബ്ദുൽമജീദ് - വാർഡ് മെംബർ
''കരാറുകാർ നാട്ടുകാരുടെയും വ്യാപാരികളുടെയും ക്ഷമ പരീക്ഷിക്കുകയാണ്. ഇനിയും മെല്ലെപ്പോക്ക് തുടർന്നാൽ പൊതുജനങ്ങൾ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാൻ സാധ്യതയുണ്ട്. കടക്കാരും കെട്ടിടം ഉമടകളും വിഷമത്തിലാണ്. കുറ്റ്യാടി ടൗണിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണിത്. ഇപ്പോൾ എങ്ങും എത്തിയിട്ടില്ല''
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.