കുറ്റ്യാടി ബൈപാസ് യാഥാർഥ്യമാകുന്നു
text_fieldsകുറ്റ്യാടി: കുറ്റ്യാടി ബൈപാസിനായി രണ്ടര പതിറ്റാണ്ട് മുമ്പ് തുടങ്ങിയ പരിശ്രമം സഫലമാകുന്നു. ശിലാസ്ഥാപനം 30ന് വൈകീട്ട് വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. മുൻ എം.എൽ.എമാരായ മത്തായി ചാക്കോ തുടക്കമിട്ട് കെ.കെ. ലതിക, പാറക്കൽ അബ്ദുല്ല എന്നിവരിലൂടെ വികസിച്ച് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയിലൂടെ യാഥാർഥ്യമാവുകയാണ്. അതത് കാലത്തെ ഗ്രാമപഞ്ചായത്ത് ഭരണ സമിതികളും ഇക്കാര്യത്തിനായി രംഗത്തിറങ്ങുകയുണ്ടായി.
അഞ്ച് റോഡുകൾ ഒറ്റ കവലയിൽ ചേരുന്ന ടൗണിൽ കാലങ്ങളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് കിഫ്ബി ഫണ്ടിൽ 39.42 കോടി രൂപ ചെലവിലാണ് ബൈപാസ് പണിയുന്നത്. ഇതിൽ 13 കോടി സ്ഥലമെടുപ്പിനും ബാക്കി നിർമാണത്തിനുമാണ്. നഷ്ടപരിഹാരത്തുക ലഭിക്കും മുമ്പെ സ്ഥലം വിട്ടുനൽകാൻ ഉടമകൾ സമ്മതപത്രം തന്നതിനാലാണ് പ്രവൃത്തി എളുപ്പം ടെൻഡർ നടത്താനായതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പറഞ്ഞു.
കുറ്റ്യാടി പാലത്തിനു സമീപത്തു തുടങ്ങി കടേക്കച്ചാലിൽ അവസാനിക്കുന്ന ഒന്നര കിലോമീറ്റർ റോഡ് 94 പേരുടെ സ്ഥലം വിട്ടു കൊടുക്കുന്നുണ്ട്. ഇതിൽ കുറ്റ്യാടി ജുമാമസ്ജിദാണ് കൂടുതൽ സ്ഥലം നൽകുന്നത്. നാദാപുരം-വയനാട് റോഡുകളെ ബന്ധിപ്പിച്ചും ബൈപാസ് നിർമിക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും ഏതാനും ഉടമകൾ സ്ഥലം വിട്ടു കൊടുക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയാണെന്നും സ്വാഗത സംഘം രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്ത് എം.എൽ.എ പറഞ്ഞു. വയനാട് റോഡിലെ തിരക്ക് കുറക്കാൻ മേൽപാലം, കുറ്റ്യാടി പുഴക്ക് കുറുകെ തൊണ്ടിപ്പൊയിൽ പാലം എന്നീ പദ്ധതികളും പൊതുമാരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ടെന്നും പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. മോഹൻ ദാസ്, വാർഡ് മെംബർ എ.സി. അബ്ദുൽ മജീദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി, പി. സുരേഷ് ബാബു, പി.കെ. സുരേഷ്, സി.എൻ. ബാലകൃഷ്ണൻ, ഒ.വി. ലതീഫ്, ചന്ദ്രദാസ്, സി.എച്ച്. ശരീഫ്, കെ.കെ. നൗഷാദ്, എസ്. അമ്മദ്, കിണറ്റങ്കണ്ടി അമ്മദ്, ഹാഷിം നമ്പാടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.ടി. നഫീസ (ചെയർ), ടി.കെ. മോഹൻദാസ്, എ.സി. മജീദ്, സി.എച്ച്. ശരീഫ്, സി.എം. നൗഫൽ (വൈസ് ചെയർ), പി.സി. രവീന്ദ്രൻ (കൺ), പി.കെ. സുരേഷ്, വി.പി. മൊയ്തു, ഒ.പി. മഹേഷ്, ചന്ദ്രമോഹൻ, ചന്ദ്രദാസ് (ജോ.കൺ), ഹാഷിം നമ്പാടൻ (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.