ഗൈനക്കോളജിസ്റ്റ് ഉണ്ടായിട്ടും കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രസവമെടുക്കുന്നില്ല
text_fieldsകുറ്റ്യാടി: കിഴക്കൻ മലയോരപ്രദേശങ്ങളിലെ സാധാരണക്കാരുടെ ആശാകേന്ദ്രമായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഉണ്ടായിട്ടും പ്രസവമെടുക്കുന്നില്ല. മുൻകാലങ്ങളിൽ മാസം 110ഓളം പ്രസവമെടുത്തിരുന്ന സ്ഥാനത്ത് കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ നടന്നത് 11 പ്രസവം മാത്രം.
ആശുപത്രിയുടെ ഭരണച്ചുമതലയുള്ള കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രിയാണ് വാർത്തസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടു ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്ന ആശുപത്രിയിൽ ഒരാൾ ചാർജെടുത്ത ഉടൻ നീണ്ട അവധിയിൽ പോയി.
മറ്റേയാൾ ഒറ്റക്കായതിനാൽ റിസ്ക് ഭയന്ന് ഗർഭിണികളെ പ്രവേശിപ്പിക്കുന്നില്ലെന്നും പറഞ്ഞു. എന്നാൽ, മുമ്പ് ഒരു ഗൈനക്കോളജിസ്റ്റ് മാത്രമുള്ള കാലങ്ങളിലാണ് നൂറിലേറെ പ്രസവമെടുത്തിരുന്നത്. രണ്ടു ഗൈനക്കോളജിസ്റ്റ് ഉണ്ടെങ്കിൽ മാത്രം ഗർഭിണികളെ പ്രസവത്തിന് അഡ്മിറ്റ് ചെയ്താൽ മതിയെന്ന നിയമമുള്ളതാണ് ഇപ്പോൾ ഡോക്ടർമാരെ ചുമതലയിൽനിന്ന് പിന്തിരിപ്പിക്കുന്നത്. ആശുപത്രിയിൽ നിലവിൽ ഗർഭിണികളുടെ ഒ.പി മാത്രമാണ് നടക്കുന്നത്.
ഒ.പി സമയങ്ങളിൽ വല്ല കേസുകളും വന്നാൽ മാത്രമാണ് പ്രസവമെടുക്കുന്നത്. ഇപ്പോൾ ആളുകൾ വലിയ തുക നൽകി സ്വകാര്യ ആശുപത്രിയെയോ കോഴിക്കോട് മെഡിക്കൽ കോളജിനെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
എന്നാൽ, ഗർഭാശയസംബന്ധമായ സർജറികൾ, മുഴനീക്കൽ തുടങ്ങിയവ കുറ്റ്യാടിയിൽ നടക്കുന്നുണ്ട്. സ്ഥിരം അനസ്തറ്റിസ്റ്റ് ഉള്ളതിനാലാണ് ഇതിന് കഴിയുന്നത്. പരിസരപ്രദേശങ്ങളായ നാദാപുരത്തും പേരാമ്പ്രയിലും ഇതേ സ്റ്റാഫ് പാറ്റേണുള്ള താലൂക്ക് ആശുപത്രികളാണെങ്കിലും അവിടങ്ങളിൽ കുറ്റ്യാടിയിലെപ്പോലെ സർജറി, പോസ്റ്റ്മോർട്ടം എന്നിവ നടക്കുന്നില്ല.
19ന് കുറ്റ്യാടി ആശുപത്രിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് എത്തുമെന്നും ഇക്കാര്യങ്ങൾ ഉണർത്തുമെന്നും കെ.പി. ചന്ദ്രി അറിയിച്ചു. അവധിയിൽ പോയ ഗൈനക്കോളജിസ്റ്റിന് പകരം ഒരാളെ നിയമിക്കാനും ആവശ്യപ്പെടും. നാദാപുരത്തും പേരാമ്പ്രയിലുംകൂടി പോസ്റ്റ്മോർട്ടം സൗകര്യം ഏർപ്പെടുത്തിയാൽ കുറ്റ്യാടിയിലെ ഡോക്ടർമാർ അധികസമയം ചെലവാക്കേണ്ടിവരില്ല. പേരാമ്പ്ര, നാദാപുരം ഭാഗങ്ങളിൽനിന്നുള്ള പോസ്റ്റ്മോർട്ടം കേസുകൾ കുറ്റ്യാടിയിലാണെത്തുന്നത്.
ബ്ലോക്ക് പഞ്ചായത്ത് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഓഡിറ്റോറിയം 19ന് രാവിലെ ഒമ്പതിന് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും.
ആശുപത്രിയുടെ മൂന്നാം നിലയിലാണ് 250ഓളം പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം നിർമിച്ചത്. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലീബ സുനിൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.