കുറ്റ്യാടി ബൈപാസ് നിർമാണം; നിയമക്കുരുക്കുകൾ ഇനിയും ബാക്കി –മന്ത്രി റിയാസ്
text_fieldsകുറ്റ്യാടി: 2016ൽ സർക്കാർ അനുമതി ലഭിച്ച കുറ്റ്യാടി ബൈപാസ് റോഡ് നിർമാണത്തിന് ഇനിയും നിയമക്കുരുക്കുകൾ ബാക്കിയാണെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കുറ്റ്യാടി-കോഴിക്കോട് -വടകര റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡിെൻറ സ്ഥലമെടുപ്പിനെതിരെ ഏതാനും വ്യക്തികൾ ഹൈകോടതിയിൽ നൽകിയ കേസ് ഇപ്പോഴും നിലവിലുണ്ട്. എന്നാൽ, സ്ഥലമെടുപ്പോ റോഡ് നിർമാണത്തിനുള്ള നടപടികളോ ഇതുവരെ കോടതി സ്റ്റേ ചെയ്തിട്ടില്ല. അലൈൻമെൻറിൽ ഇനിയും മാറ്റം വരുത്തുന്നത് കിഫ്ബി മാനദണ്ഡലംഘനമാണെന്നതിനാൽ സർക്കാർ താൽപര്യം സംരക്ഷിക്കാനായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വികസന വിഭാഗം ഹൈകോടതിയിൽ ഹാജരാകാൻ നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.
ലോക്ഡൗൺ അവസാനിക്കുന്ന മുറയ്ക്ക് അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയാക്കി അടിയന്തര തുടർ നടപടികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
2016ൽതന്നെ ബൈപാസ് നിർവഹണത്തിന് റോഡ്, പാലം വികസന കോർപറേഷനെയാണ് ചുമതലപ്പെടുത്തിയത്. 2018ൽ സമർപ്പിച്ച വിശദ എസ്റ്റിമേറ്റ് പ്രകാരം 37.96 കോടി രൂപയും അനുവദിച്ചു.
2019ൽ റോഡിന് സ്ഥലം ഏറ്റെടുക്കൽ നടപടിക്കായി കോഴിക്കോട് ജില്ല കലക്ടറെ ചുമതലപ്പെടുത്തി. കൊയിലാണ്ടി തഹസിൽദാറെ ഭൂമി ഏറ്റെടുക്കൽ ചുമതല ഏൽപിച്ചു.
എന്നാൽ, ഭൂമി ഏറ്റെടുക്കലിെൻറ ഭാഗമായി അതിർത്തിക്കല്ലുകൾ സ്ഥാപിച്ചപ്പോൾ ഏതാനും ഭൂഉടമകൾ പ്രവൃത്തി തടസ്സപ്പെടുത്തി. കൂടാതെ കുറ്റ്യാടി പാലത്തിന് സമീപം നിർമിക്കുന്ന വാണിജ്യാവശ്യത്തിനുള്ള കെട്ടിടത്തിന് റോഡ് തടസ്സമാകുമെന്ന് കാണിച്ച് ഒരു വ്യക്തി ഹൈകോടതിയെ സമീപിച്ചു.
കെട്ടിടത്തിൽനിന്ന് നാലു മീറ്ററോളം റോഡിെൻറ അലൈൻെമൻറ് മാറ്റണം എന്നാവശ്യപ്പെട്ടാണ് റിട്ട് നൽകിയത്. തുടർന്ന് കോടതി വിഷയം ജില്ല കലക്ടർക്ക് വിട്ടു. ഇതിെൻറ ഫലമായി കെട്ടിടത്തിൽനിന്ന് 2.6 മീറ്റർ വിട്ട് റോഡ് നിർമിക്കാൻ നിർദേശം നൽകി. പുതുക്കിയ അലൈൻമൈൻറ് പ്രകാരം അതിർത്തിക്കല്ലുകൾ സ്ഥാപിച്ച് 90 ശതമാനം ജോലികൾ പൂർത്തിയാക്കിയെങ്കിലും റോഡിെൻറ അവസാന ഭാഗമായ കടേക്കച്ചാലിൽ ജങ്ഷനിൽ ഏതാനും ഭൂഉടമകൾ വീണ്ടും തടസ്സപ്പെടുത്തി. പിന്നീടാണ് ഭൂമി ഏറ്റെടുക്കലിനെതിരെ ചില വ്യക്തികൾ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.