കുറ്റ്യാടി ബൈപാസ് പ്രവൃത്തി: ഒരുക്കം തുടങ്ങി
text_fieldsകുറ്റ്യാടി: കോഴിക്കോട്-നാദാപുരം റോഡുകളെ ബന്ധിപ്പിച്ച് 39.42 കോടി രൂപ ചെലവിൽ നിർമിക്കുന്ന ബൈപാസ് പ്രവൃത്തിക്ക് ഒരുക്കം തുടങ്ങി. മെഷിനറികൾ തയാറാവുന്നു. സൈറ്റ് ഓഫിസും ലാബും ക്രമീകരിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു. കിഫ്ബി സംഘം വീണ്ടും സ്ഥലം സന്ദർശിച്ചു. പദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കുന്നതിനായി ക്രമീകരിച്ചിട്ടുള്ള സംവിധാനങ്ങൾ സംഘം വിലയിരുത്തി. സൈറ്റ് സന്ദർശനവും നടത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായുള്ള 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുന്നതിന് മുമ്പായുള്ള 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. അടുത്ത ആഴ്ച 19 (1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കാൻ കരട് തയാറായിക്കഴിഞ്ഞതായും എം.എൽ.എ പറഞ്ഞു.
പദ്ധതി തുകയിൽ 13 കോടി രൂപ സ്ഥലമെടുപ്പിനാണ് വകയിരുത്തിയത്. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് കിഫ്ബി ഫണ്ടിലാണ് നിർമിക്കുന്നത്. ചീഫ് പ്രോജക്ട് എക്സാമിനർ എസ്.ജെ. വിജയദാസ്, പ്രോജക്ട് എക്സാമിനർ സൻജീദ് ഫർഹാൻ, സീനിയർ ഇൻസ്പെക്ഷൻ എൻജിനീയർ ആർ. ഇർഷാദ്, ആർ.ബി.ഡി.സി.കെ എൻജിനീയർ അതുൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസവും സംഘം സ്ഥലത്തെത്തിയിരുന്നു. കാസർകോട് ആസ്ഥാനമായുള്ള ബാബ് കൺസ്ട്രക്ഷനാണ് കരാർ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.