ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: കുറ്റ്യാടിയിൽ 13 കേസുകളെടുത്തു –മുഖ്യമ്രന്ത്രി
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 13 കേസുകളെടുത്തതായും അന്വേഷണം ഊർജിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ഫാഷൻ ജ്വല്ലറി തട്ടിപ്പ് മാതൃകയിൽ കുറ്റ്യാടിയിൽ ഗോൾഡ് പാലസ് എന്ന സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ച് പൂട്ടിയിരിക്കുകയാണെന്ന് കുഞ്ഞമ്മദ്കുട്ടി എം.എൽ.എ പറഞ്ഞു. ജ്വല്ലറിയുടെ മൂന്ന് ശാഖകൾ വഴിയാണ് തട്ടിപ്പ് നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികൾ, തിരിച്ചുവന്ന പ്രവാസികൾ, മക്കളുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ നിക്ഷേപിച്ചവർ, തുടർ ചികിത്സക്ക് വരുമാനത്തിനായി നിക്ഷേപിച്ചവർ, നിത്യച്ചെലവിനായി നിക്ഷേപിച്ചവർ എന്നിങ്ങനെ അഞ്ഞൂറോളം കുടുംബങ്ങൾ വഞ്ചിക്കപ്പെട്ടു. ആസൂത്രിതമായി സ്ഥാപനത്തിലെ ആഭരണങ്ങൾ ഉടമകൾ എടുത്തുമാറ്റുകയാണുണ്ടായത്.
ഇവ കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണം. ഉടമകൾ അവരുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കൈമാറാൻ ശ്രമിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾ നിയന്ത്രിക്കണം. സ്ഥാപന ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇരകൾക്ക് നീതി ലഭ്യമാക്കണം. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കാസർകോട് കേന്ദ്രീകരിച്ചുള്ള ഫാഷൻ ഗോൾഡ് എന്ന സ്ഥാപനം ഇത്തരത്തിൽ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് കാസർകോട്, കണ്ണൂർ ജില്ലകളിലായി 169 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
164 കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. ഗോൾഡ് പാലസ് ജ്വല്ലറി കുറ്റ്യാടി, നാദാപുരം, പയ്യോളി എന്നിവിടങ്ങളിൽ നിക്ഷേപകരിൽനിന്ന് സ്വർണവും പണവും നിക്ഷേപമായി സ്വീകരിച്ച് മടക്കിനൽകാതെ നടത്തിയ തട്ടിപ്പ് സംബന്ധിച്ച് 13 കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരുകയാണ്. നാല് പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.