കുറ്റ്യാടി സ്രാമ്പി-തട്ടാർകണ്ടിക്കടവ് റോഡ് നന്നാക്കണം –ഓംബുഡ്സ്മാൻ
text_fieldsകുറ്റ്യാടി: വാഹനയാത്ര ക്ലേശകരമായിത്തീർന്ന അഞ്ചാം വാർഡിലെ കുറ്റ്യാടി-സ്രാമ്പി-തട്ടാർകണ്ടിക്കടവ് റോഡ് ആറ് മാസം കൊണ്ട് നന്നാക്കണമെന്ന് ഓംബുഡ്സ്മാൻ. നേരത്തെ നടത്തിയ നിർമാണത്തിൽ ക്രമക്കേട് ആരോപിച്ച് മൂന്ന് സ്വകാര്യ വ്യക്തികൾ നൽകിയ പരാതിയിൻമേൽ നടത്തിയ ഓൺലൈൻ സിറ്റിങ്ങിലാണ് ഓംബുഡ്സ്മാന്റെ വിധി. 2015-16 വർഷത്തെ പഞ്ചായത്ത് ഫണ്ടും അന്നത്തെ എം.പി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് നന്നാക്കിയ റോഡ് മാസങ്ങൾക്കകം തകർന്നു എന്നായിരുന്നു പരാതി. നേരത്തെ വിജിലൻസിന് നൽകിയ ഇതേ പരാതിപ്രകാരം റോഡ് പണി നടത്തിയ ആൾ 81,448 രൂപ തിരിച്ചടക്കാൻ ഉത്തരവുണ്ടായിരുന്നു. എന്നാൽ, പണിയിലെ അപാകത കാരണമല്ലെന്നും കാലവർഷക്കെടുതിയും പുഴയോട് ചേർന്നുനിൽക്കുന്ന പ്രദേശമായതിനാലുമാണ് റോഡ് തകർന്നതെന്നും പണം തിരിച്ചടക്കാൻ നിർവാഹമില്ലെന്നും ഇയാൾ പഞ്ചായത്തിനെ അറിയിച്ചിരുന്നു.
ഇത് പരിഗണിച്ച് പഞ്ചായത്ത് സർക്കാറിന് എഴുതുകയും പണം തിരിച്ചടക്കേണ്ടതില്ലെന്നും ഉത്തരവുണ്ടായിരുന്നു. തുടർന്നാണ് പരാതിക്കാർ ഓംബുഡ്സ്മാനെ സമീപിച്ചത്.
ആറ് കൊല്ലമായി അറ്റകുറ്റപ്പണികൾ നടത്താത്ത റോഡ് നിറയെ വാരിക്കുഴികളാണ്. കുറ്റ്യാടി ടൗണിനെ മരുതോങ്കര പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന തട്ടാർകണ്ടിക്കടവ് പാലം ഈ റൂട്ടിലായതിനാൽ ഗതാഗതം വർധിച്ച റോഡാണിത്. വിജിലൻസ് കേസുള്ളതിനാൽ ഈ റോഡിന് ഫണ്ട് വകയിരുത്താൻ സാധിച്ചിരുന്നില്ല. എന്നാൽ, ഏതെങ്കിലും ഫണ്ട് വകയിരുത്തി നന്നാക്കാനാണ് ഓംബുഡ്സ്മാൻ നിർദേശിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.