കുറ്റ്യാടി-വയനാട് റോഡ് പൊളിഞ്ഞുതീരുന്നു
text_fieldsകുറ്റ്യാടി: ജില്ലാന്തര റോഡായ കുറ്റ്യാടി-വയനാട് റോഡ് പൊളിഞ്ഞുതീരുന്നു. കൊല്ലങ്ങളായി പുതുക്കി ടാറിടാത്തതിനാലാണ് ഉപരിതലം പൊളിയുന്നത്. കുറ്റ്യാടി ടൗൺ മുതൽ തകർച്ച തുടങ്ങുകയാണ്. തൊട്ടിൽപാലം അങ്ങാടിയിൽ കുഴികൾ നിറഞ്ഞ് വാഹനയാത്ര ദുഷ്കരമായി.
തളീക്കര കാഞ്ഞിരോളിയിൽ മഴക്കാലമായാൽ വാരിക്കുഴികൾ രൂപപ്പെടുന്നത് പതിവാണ്. വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെട്ടതിനാലാണത്രെ, മാസങ്ങളായി നിലനിന്ന വലിയ കുഴികൾ കഴിഞ്ഞ ദിവസം ക്വാറിമാലിന്യമിട്ട് അടച്ചിട്ടുണ്ട്. എന്നാൽ, ചെറിയകുഴികൾ അതേപടി നിലനിൽക്കുന്നു.
ആവശ്യമായ ഓവുചാലുകൾ ഇല്ലാത്തതാണ് നിരന്തര തകർച്ചക്ക് കാരണമായി പറയുന്നത്. ഉള്ളവ മണ്ണടിഞ്ഞ് നികന്നതിനാൽ മഴവെള്ളം മുഴുവൻ റോഡിൽ കെട്ടിക്കിടക്കുകയാണ്. പല സ്ഥലങ്ങളിലും വീട്ടിലേക്കുള്ള റോഡുകൾ കാരണം ഓവുകൾ അടഞ്ഞുപോയി.
ജില്ലാന്തര റോഡായിട്ടും യഥാസമയം അറ്റകുറ്റപ്പണിയോ റീടാറിങ്ങോ നടക്കുന്നില്ല. തൊട്ടിൽപാലം ഭാഗത്തുനിന്ന് കുഴികൾ താണ്ടി കുറ്റ്യാടിയിൽ എത്തിയാൽ ഇഴഞ്ഞുനീങ്ങുന്ന ഓവുചാൽ നിർമാണം കാരണമായുള്ള കുരുക്കുകളും താണ്ടണം. കരാറുകാരന്റെ മെല്ലെപ്പോക്കുകാരണം ആറു മാസത്തിലേറെയായി ഒരു റോഡിലെ പ്രവൃത്തിപോലും പൂർത്തിയായില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.