തിടങ്ങഴിയുള്ളതറയിൽ മിന്നലപകടം തുടർക്കഥ
text_fieldsകുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ തിടങ്ങഴിയുള്ളതറ പ്രദേശവാസികൾക്ക് മഴക്കാലത്ത് ഇടിമിന്നലിൽനിന്ന് സുരക്ഷിതത്വമുണ്ടാവണമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ പരിക്കേറ്റ തിടങ്ങഴിയുള്ളതറ മഞ്ചക്കൽ കുഞ്ഞിരാമന്റെയും, ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ച മറ്റ് വീടുകളും സന്ദർശിച്ചതിനു ശേഷം പറഞ്ഞു. കുറഞ്ഞ കാലത്തിനിടയിൽ മൂന്ന് തവണയാണ് തിടങ്ങഴിയുള്ളതറ പ്രദേശത്ത് ഇടിമിന്നൽ അപകടങ്ങളുണ്ടായത്.
മുമ്പ് ശക്തമായ മിന്നലേറ്റ് പിഞ്ചുകുഞ്ഞും ഒരു സ്ത്രീയും മരണപ്പെട്ടിരുന്നു. മിന്നലിൽ പരിക്കേറ്റ് പ്രയാസമനുഭവിക്കുന്നവർ ഇനിയുമുണ്ട്. ഇത്തരമൊരു അവസ്ഥയിൽ ദുരന്തനിവാരണ അതോറിറ്റി മുൻകൈയെടുത്ത് മഴക്കാലത്ത് പ്രദേശവാസികൾ സുരക്ഷിതമായിരിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇടിമിന്നലിൽ സാരമായ പരിക്കേറ്റ മഞ്ചക്കൽ കുഞ്ഞിരാമനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
തിടങ്ങഴിയുള്ളതറയിലെ കേളപ്പൻ നായരുടെ വീടിനും സാരമായ കേടുപാടുകൾ സംഭവിച്ചു, ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭാര്യക്ക് മിന്നലിൽ പരിക്കേറ്റിരുന്നു. സമീപപ്രദേശമായ മുണ്ടിയോടുമ്മൽ ചാമക്കാലിൽ സോമന്റെ വീടിനും ഇടിമിന്നലിൽ നാശനഷ്ടം സംഭവിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, ഗ്രാമപഞ്ചായത്ത് അംഗം സി.പി. ജലജ, പി.പി. നിഖിൽ, വി.പി. സുരേന്ദ്രൻ, കെ.പി. അജിത്ത്, സി.പി. അശോകൻ എന്നിവർ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.