പശുക്കടവിൽ വന്ന മാവോവാദി സംഘത്തെ കണ്ടെത്താനായില്ല
text_fieldsകുറ്റ്യാടി: ശനിയാഴ്ച വൈകീട്ട് പശുക്കടവിലെ പാമ്പൻകോട് മലയിലെ വീടുകളിലെത്തിയതായി പറയുന്ന ആറംഗ മാവോവാദി സംഘത്തെ കണ്ടെത്താനായില്ല. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബിന്റെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം ഞായറാഴ്ച മലയിൽ തിരച്ചിൽ നടത്തിയിരുന്നു. പശുക്കടവിൽ ഹോട്ടൽ നടത്തുന്ന സണ്ണി, അശോകൻ എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങുന്ന സംഘം വന്നത്. വീടുകളിൽനിന്ന് ഭക്ഷണസാധനങ്ങൾ ശേഖരിച്ച് ലഘുലേഖകൾ വിതരണം ചെയ്ത് തിരിച്ചുപോവുകയായിരുന്നു. വന്നവർ ആരാണെന്ന് വ്യക്തമായിട്ടില്ല.
ജനകീയ വിമോചന ഗറില സേനയുടെ ബാണാസുര ദളത്തിന്റെ പേരിലുള്ള കാട്ടുതീ എന്ന വാർത്ത ബുള്ളറ്റിനാണ് വിതരണം ചെയ്തത്. സംഘത്തിന്റെ ഭീഷണിയുള്ളതിനാൽ വീട്ടുകാർ ഈ കാര്യം പെട്ടെന്ന് വെളിപ്പെടുത്തിയില്ലെന്ന് ഗ്രാമപഞ്ചായത്ത് മെംബർ പറഞ്ഞു. പശുക്കടവിൽനിന്ന് ഉയരത്തിലുള്ള മലവാരമാണിത്. താഴ്ഭാഗത്ത് കൂപ്പുകടയിലുള്ള ആൾക്കാരറിഞ്ഞാണ് വിവരം പുറംലോകമറിയുന്നത്. ബെല്ലാരി റെഡ്ഡിയെ ചവിട്ടി പുറത്താക്കണം എന്ന തലക്കെട്ടിലുള്ളതാണ് ബുള്ളറ്റിൻ.
ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി ഖനനത്തിനു വിട്ടുകൊടുക്കുന്നതിനെതിരിലാണ് ലഘുലേഖ. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവരെയും ലേഖനത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.