മൊകേരി ശ്രീധരൻ വധം; കീഴ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണം
text_fieldsകുറ്റ്യാടി: പ്രമാദമായ മൊകേരി ശ്രീധരൻ വധത്തിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കീഴ് കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് സി.പി.എം മൊകേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി. കുഞ്ഞമ്മദ്കുട്ടി മുഖേനയാണ് നിവേദനം നൽകിയത്. 2017ലാണ് വട്ടക്കണ്ടിയിൽ ശ്രീധരൻ മരിച്ചത്. ഹൃദയാഘാതം മൂലം മരിച്ചെന്നായിരുന്നു പ്രചാരണം. പൊലീസ് അന്വേഷണത്തിൽ, വിഷം കൊടുത്തും ശ്വാസംമുട്ടിച്ചും കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.
സംഭവത്തിൽ ഭാര്യ ഗിരിജ, ഗിരിജയുടെ അമ്മ ദേവി, പശ്ചിമബംഗാൾ സ്വദേശി പരിമഹർദാൻ എന്നിവരായിരുന്നു പ്രതികൾ. ഇവരെ മാറാട് സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്. പ്രസ്തുത വിധിയുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങളിൽനിന്ന് നുണപ്രചാരണങ്ങൾ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു.
ശ്രീധരന്റെ മരണത്തെ തുടർന്ന് പരിസരവാസികളായ ജനങ്ങൾ സംശയം പ്രകടിപ്പിക്കുകയും പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തുകയും ചെയ്തതിനെ തുടർന്ന് കമ്മിറ്റി ശ്രീധരന്റെ ബന്ധുക്കളെ വിളിച്ചു വരുത്തുകയും പാർട്ടി കുറ്റ്യാടി സി.ഐക്ക് പരാതി നൽകുകയും ചെയ്യുകയായിരുന്നു. അന്ന് നടന്ന പൊലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിയുകയും പ്രതികളെ അറസ്റ്റ് ചെയ്തതെന്നും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.