കുറ്റ്യാടി ടൗണിൽ പഞ്ചായത്ത് റോഡുകൾ ഏറെയും തകർന്നു
text_fieldsകുറ്റ്യാടി: മലയോര പഞ്ചായത്തുകളുടെ സിരാകേന്ദ്രമായ കുറ്റ്യാടി ടൗണിൽ ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള റോഡുകൾ ഏറെയും തകർന്ന് ഗതാഗതം ദുരിതമയമായി. പൈതൃക റോഡായ റിവർ റോഡ്, കോഴിക്കോട് റോഡിൽനിന്ന് തുടങ്ങുന്ന പഴയ ബസ് സ്റ്റാൻഡ് റോഡ്, ഹൈസ്കൂൾ റോഡ്, ടൗൺപള്ളി-തട്ടാർകണ്ടിക്കടവ് റോഡ്, തോട്ടം റോഡ്, മലയന്റകണ്ടിമുക്ക്-ഹൈസ്കൂൾ റോഡ്, വയനാട് റോഡിൽനിന്ന് തുടങ്ങുന്ന പാച്ചാൽ, നടോൽ ക്ഷേത്രം റോഡ് തുടങ്ങിയവയാണ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴികളുമായത്.
ടൗൺപള്ളി - തട്ടാർകണ്ടിക്കടവ് റോഡ് നാട്ടുകാരുടെ പരാതിപ്രകാരം നന്നാക്കണമെന്ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടതിനാൽ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തുകയും എം.പി ഫണ്ടിൽ 25 ലക്ഷം രൂപ വകയിരുത്തിയതായും പറഞ്ഞു. ആറ് മാസത്തിനകം പണി നടത്തണമെന്നായിരുന്നു ഓംബുഡ്സ്മാൻ നിർദേശിച്ചത്. ഇതുവരെയും പണി തുടങ്ങിയിട്ടില്ല. റിവർ റോഡ് റിപ്പയറിന് പഞ്ചായത്ത് 20 ലക്ഷം വകയിരുത്തിയതായും പറഞ്ഞു.
പ്രവൃത്തി തുടങ്ങിയിട്ടില്ല. തോട്ടം റോഡും പാച്ചാൽ റോഡും തകർന്നതിന് പുറമെ വാട്ടർ അതോറിറ്റി ജൽജീവൻ പദ്ധതിക്ക് പൈപ്പ് ലൈനിടുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ പ്രയാസത്തിലായി. മലയന്റകണ്ടിമുക്ക് താഴെനിന്ന് തുടങ്ങുന്ന ഹൈസ്കൂൾ റോഡ് പരക്കെ കുഴികൾ നിറഞ്ഞത് മാത്രമല്ല, കുടിവെള്ള പൈപ് ലൈൻ തകർന്ന് ചളിക്കളവുമായി.
ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ, ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് നിരവധിപേർ ആശ്രയിക്കുന്ന റോഡാണിത്. പ്രധാന കവലയിൽ ഗതാഗതം തടസ്സപ്പെടുമ്പോൾ ചെറിയ വാഹനങ്ങൾ നാദാപുരം - കോഴിക്കോട് റോഡുകളെ ബന്ധിപ്പിക്കുന്ന ബൈപാസായും യോഗിക്കുന്ന റോഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.