നിപ ഭീതിയൊഴിഞ്ഞു; കള്ളാട് സ്കൂൾ ഇന്ന് തുറക്കും
text_fieldsകുറ്റ്യാടി: കള്ളാട് നിപ ബാധിച്ച് ഒരാൾ മരിക്കുകയും അദ്ദേഹത്തിന്റെ മകന് രോഗം ബാധിക്കുകയും ചെയ്തതോടെ കഴിഞ്ഞ 12 മുതൽ പ്രാദേശിക അവധി നൽകിയ കള്ളാട് എൽ.പി സ്കൂൾ ഇന്നു തുറക്കും. രോഗം ബാധിച്ച കുട്ടി ഈ സ്കൂളിൽ നാലാം തരത്തിലാണ്. നിപ മരണം റിപ്പോർട്ട് ചെയ്തത് ഒന്നാം വാർഡിലാണെങ്കിലും കള്ളാട് സ്കൂൾ രണ്ടാം വാർഡിലാണ്.
കഴിഞ്ഞ 25 വരെ കുട്ടി സ്കൂളിൽ വന്നതാണ് സ്കൂളിന് ലോക്കൽ അവധി നൽകാൻ കാരണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. അന്ന് പരിസരത്തെ അടുക്കത്ത് എൽ.പിക്കും യു.പിക്കും പ്രാദേശിക അവധി നൽകിയിരുന്നു. എന്നാൽ, കള്ളാട് സ്കൂളിൽ കുട്ടിയുടെ സഹപാഠികൾക്കാർക്കും പനിപോലും വരാത്തത് അധ്യാപകർക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.
13 മുതൽ ജില്ലയിൽ മുഴുവൻ സ്കൂളുകൾക്കും അവധി നൽകുകയാണുണ്ടായത്. കള്ളാട് സ്കൂൾ ഞായറാഴ്ച ആർ.ആർ.ടി വളന്റിയർമാർ അണുനശീകരണം നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള എല്ലാ ഭീതിയും ഇല്ലാതാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വളന്റിയർമാരായ ഇ.കെ. അൻഷിഫ്, ഷാരിഖ് എന്നിവർ അണുനശീകരണം നടത്തിയത്. എന്നാൽ, കുട്ടിയുടെ പിതാവ് കഴിഞ്ഞ 30ന് മരിച്ചതിനാൽ നാല് അധ്യാപകർ മരണവീട്ടിൽ പോയിരുന്നു. അവർ ക്വാറന്റീനിലാണ്. അവർ കാലാവധി പൂർത്തിയാക്കിയശേഷമേ സ്കൂളിൽ വരുകയുള്ളൂ എന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. ബാക്കി അഞ്ചു പേർ ക്ലാസെടുക്കാനുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.