ലിതാരയുടെ മരണത്തിന് ഒരു വയസ്സ്
text_fieldsകുറ്റ്യാടി: ദേശീയ ബാസ്കറ്റ്ബാൾ താരമായിരുന്ന പാതിരിപ്പറ്റയിലെ കെ.സി. ലിതാര ബിഹാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ ഒന്നാം വാർഷികം സമരപ്രഖ്യാപന ദിനമായി ആചരിക്കാൻ പാതിരിപ്പറ്റയിൽ ചേർന്ന നാട്ടുകാരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ കൊല്ലം ഏപ്രിൽ 26നാണ് റെയിൽവേ ജീവനക്കാരിയായ ലിതാര താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മരണത്തിനുമുമ്പ് തന്റെ കോച്ച് രവിസിങ്ങിൽനിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ലിതാര കുടുംബാംഗങ്ങളോടും സൃഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ലിതാരയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുകയും ഉത്തരവാദികളെ കണ്ടെത്തി കർശന ശിക്ഷാനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കൾ നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.
പട്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ അഞ്ചിന് സബ് ഇൻസ്പെക്ടർ ശംഭുസിങ്ങിന്റെ നേതൃത്വത്തിൽ, ലിതാരയുടെ പാതിരിപ്പറ്റയിലെ വീട് സന്ദർശിച്ച് രക്ഷിതാക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഇതിനിടയിൽ ഹിന്ദി സംസാരിക്കുന്ന അജ്ഞാതരായ രണ്ടുപേർ ലിതാരയുടെ വീട്ടിലെത്തി അമ്മയെ ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടുവിക്കാൻ ശ്രമിക്കുകയും ബഹളംവെച്ചപ്പോൾ ഓടിപ്പോവുകയും ചെയ്തു എന്ന പരാതിയും പൊലീസിൽ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിലും കുറ്റവാളികളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
ലിതാരയുടെ അമ്മ കാൻസർ ചികിത്സയിലാണ്. ക്ലേശങ്ങൾക്കിടയിൽ വീട് നിർമാണത്തിനായി ലിതാര ബാങ്കിൽ നിന്നെടുത്ത വായ്പയും പലിശയും ചേർത്ത് 17 ലക്ഷത്തോളം രൂപ തിരിച്ചടക്കാത്തതിനാൽ സർഫാസി നിയമപ്രകാരം വീട് ജപ്തി ചെയ്യുമെന്നുകാണിച്ച് ബാങ്കിൽ നിന്നും നോട്ടീസ് വന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് നാട്ടുകാർ യോഗം ചേർന്നത്. യോഗം ജസ്റ്റിസ് ടു ലിതാര കമ്മിറ്റി എന്ന പേരിൽ സമരസഹായസമിതിക്ക് രൂപം നൽകി. ഭാരവാഹികളായി അഡ്വ. ടി. നാരായണൻ (ചെയ.), കെ. നിഷാന്ത് (കൺ.) എന്നിവരെ തെരഞ്ഞെടുത്തു. ഏപ്രിൽ 26ന് വൈകീട്ട് നാലിന് ലിതാരയുടെ വീട്ടിൽനിന്ന് പ്രകടനം ആരംഭിക്കും.
വട്ടോളിയിൽ നടക്കുന്ന അനുസ്മരണ യോഗത്തിൽ സർവകക്ഷി പ്രതിനിധികളും മനുഷ്യാവകാശ പ്രവർത്തകരും സംസാരിക്കും. ഡൽഹി കേളപ്പൻ അധ്യക്ഷത വഹിച്ചു. കെ. റൂസി, എൻ.വി. രാജീവൻ, എം.എം. ചിത്രൻ, വി.കെ. ബിനീഷ്, ശ്രീനിൽ, എൻ.പി. വിജിലേഷ്, ടി.വി. വേണു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.