പച്ചില വനം യാഥാർഥ്യമായില്ല
text_fieldsകുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സിയുടെ ഭിന്ന ശേഷിക്കാർക്കു വേണ്ടിയുള്ള സ്വപ്നപദ്ധതിയായ പച്ചിലവനം യാഥാർഥ്യമായില്ല. മരുതോങ്കര ഗ്രാമപഞ്ചായത്ത് അധീനതയിലുള്ള അര ഏക്കറോളം വിസ്തീർണമുള്ള പുഴ പുറമ്പോക്കിലാണ് കേരളത്തിൽ തന്നെ ആദ്യത്തേതെന്നു കരുതുന്ന പാർക്കിന് തുടക്കമിട്ടിരുന്നത്.
വീടകങ്ങളിൽ തളയ്ക്കപ്പെട്ട കിടപ്പു രോഗികളായ കുട്ടികളെയടക്കം പുറം ലോകത്തെത്തിക്കാനാണ് പദ്ധതി രൂപപ്പെടുത്തിയത്. ചെറുപുഴക്കരയിൽ തട്ടാർകണ്ടിതാഴ പാലത്തിനു സമീപത്തെ പാർക്കിൽ എൻ.എസ്.എസ്. വളന്റിയർമാർ കുളം നിർമിച്ചു കൊടുത്തിട്ടുണ്ട്.
പൊതുജന പങ്കാളിത്തത്തോടെ വേലി കെട്ടി. നേരത്തെ നട്ട മുളകൾ വലുതായി. എന്നാൽ വേലി തകർത്ത് അകത്ത് പ്രവേശിക്കുന്ന കന്നുകാലികൾ മുളകൾ തിന്നുനശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. പാർക്കിനകത്തു കൂടി പൊതുവഴി രൂപപ്പെട്ടിട്ടുണ്ട്. പ്രവേശനം വിലക്കി ജനമൈത്രി പൊലീസ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. സർക്കാർ ഫണ്ടൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പദ്ധതി യാഥാർഥ്യമാക്കാൻ സ്പോൺസർമാരെ തേടുകയാണെന്നും കുന്നുമ്മൽ ബി.പി.സി കെ.കെ. സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.