കനത്ത പൊലീസ് കാവലിൽ എസ്.ഡി.പി.ഐ പ്രകടനം
text_fieldsകുറ്റ്യാടി: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ നടത്തിയ പ്രകടനം കുറ്റ്യാടിയിൽ നടന്നത് കനത്ത പൊലീസ് കാവലിൽ. 'രാജ്യത്ത് ക്രൈസ്തവർക്കെതിരെ നടക്കുന്ന സംഘ്പരിവാർ ആക്രമണങ്ങൾക്കെതിരെ നൈറ്റ് വിജിൽ' എന്ന പേരിൽ നടന്ന പന്തംകൊളുത്തി പ്രകടനത്തിനാണ് നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് കാവലേർപ്പെടുത്തിയത്.
ഏഴിനാണ് ആരംഭിച്ചതെങ്കിലും വൈകീട്ട് ഒരു വാനിൽ പൊലീസ് എത്തി ടൗണിന്റെ വിവിധ കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ടിയർഗ്യാസ് അടക്കം സന്നാഹങ്ങളുമുണ്ടായിരുന്നു. ബുധനാഴ്ച കുറ്റ്യാടിയിൽ ഹിന്ദു ഐക്യവേദി നടത്തിയ പ്രകടനത്തിനുശേഷം എസ്.ഡി.പി.ഐ കൊടിമരത്തിൽനിന്ന് കൊടി പറിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു.
തുടർന്ന് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി. കൊടി പറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ ആർ.എസ്.എസ് ഭാരവാഹി റിമാൻഡിലായിരുന്നു. മേൽ സംഭവങ്ങൾ അരങ്ങേറിയതിനാലാണ് ഞായറാഴ്ച നടന്ന പ്രകടനത്തിന് കാവലേർപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ജില്ലയിൽ 45 കേന്ദ്രങ്ങളിലാണ് പ്രകടനം നടന്നതെന്ന് നേതാക്കൾ പറഞ്ഞു. കുറ്റ്യാടിയിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരായ വി.പി. സൂപ്പി (കുറ്റ്യാടി), സി.വി. അഷ്റഫ് (മരുതോങ്കര), എ.കെ. ഹമീദ്, ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.