ഡ്യൂട്ടിക്കിടെ ജീവനൊടുക്കിയ പൊലീസുകാരന്റെ മൊബൈൽ ഫോണിന് പുഴയിൽ തിരച്ചിൽ
text_fieldsകുറ്റ്യാടി: ഒക്ടോബർ 24ന് ഡ്യൂട്ടിക്കിടെ ജീവനൊടുക്കിയ കുറ്റ്യാടി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാതിരിപ്പറ്റ സുധീഷിന്റെ കാണാതായ മൊബൈലിനുവേണ്ടി കുറ്റ്യാടി പുഴയിൽ തിരച്ചിൽ നടത്തി. കുറ്റ്യാടി പോസ്റ്റ് ഓഫിസിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് സുധീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇൻക്വസ്റ്റ് സമയത്ത് മൊബൈൽ ഫോൺ കണ്ടെത്താനായില്ല. ഇതേതുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്. കുറ്റ്യാടി പുഴയിൽ ജല അതോറിറ്റി പമ്പ് ഹൗസിന് സമീപമാണ് അഗ്നിരക്ഷ സേനയിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയത്. കുറ്റ്യാടി പുഴയും ചെറുപുഴയും ചേരുന്നിടത്തെ വൻ കയത്തിലടക്കം മീഞ്ചന്ത, പേരാമ്പ്ര, നാദാപുരം നിലയങ്ങളിലെ ഏഴംഗ സംഘം പരിശോധന നടത്തി. രാവിലെ പതിനൊന്നര മുതൽ രണ്ടുവരെ തിരഞ്ഞിട്ടും ഫോൺ കണ്ടെത്താനായില്ലെന്ന് പേരാമ്പ്ര സ്റ്റേഷൻ ഓഫിസർ സി.പി. ഗീരീഷ് പറഞ്ഞു. മീഞ്ചന്ത നിലയത്തിൽനിന്ന് ശിഹാബ്, അജികുമാർ, പേരാമ്പ്രയിൽനിന്ന് മനോജ്കുമാർ, പി.വി. മനോജ്, സത്യനാഥ്, ടി. ബബീഷ്, നാദാപുരത്തുനിന്ന് അഖിൽ, വൈഷ്ണവ്, അനീഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
കുറ്റ്യാടി സ്റ്റേഷനിൽനിന്ന് ഇറങ്ങിപ്പോയ സുധീഷ് പുഴവക്കിൽനിന്ന് മൊബൈൽ എറിയുന്നതായി പമ്പ്ഹൗസിലെ സി.സി.സി.ടി.വിയിൽ തെളിഞ്ഞിരുന്നു. ഡ്യൂട്ടിക്കിടെ കാണാതായ സുധീഷിനെ മൊബൈൽ ഫോൺ ലൊക്കേഷനുകൾ പരിശോധിച്ചാണ് കണ്ടെത്തിയത്. എന്നാൽ ഇൻക്വസ്റ്റ് സമയത്ത് ഫോൺ കാണാത്തത് വിവാദമായിരുന്നു. വാച്ച്, മോതിരം എന്നിവയും കാണാതായതായി കോൺഗ്രസ് ആരോപിച്ചിരുന്നു. എന്നാൽ ഇവ രണ്ടും വീട്ടിൽനിന്ന് പിന്നീട് കണ്ടെത്തി.
മേലധികാരികളിൽനിന്നുള്ള മാനസിക സമ്മർദമാണ് സുധീഷിന്റെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കോൺഗ്രസും യുവമോർച്ചയും പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. നാദാപുരം ഡിവൈ.എസ്.പി വി.വി. ലതീഷാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.