വിത്തുതേങ്ങ; സംഭരണം നാലു ലക്ഷം വെട്ടിക്കുറച്ചു
text_fieldsകുറ്റ്യാടി: മലയോര മേഖലയിൽനിന്ന് സംഭരിക്കുന്ന നാടൻ ഇനം (ഡബ്ല്യു.സി.ടി) വിത്തുതേങ്ങയുടെ ടാർഗറ്റിൽ കൃഷിവകുപ്പ് ഈ വർഷം നാലു ലക്ഷത്തിന്റെ കുറവ് വരുത്തിയതായി പരാതി. 11 ലക്ഷം തേങ്ങ എന്നത് ഏഴു ലക്ഷമായാണ് കുറച്ചത്.
സംസ്ഥാനതല വിലനിർണയ യോഗത്തിൽ 12 ലക്ഷം സംഭരിക്കണമെന്നായിരുന്നു കർഷകരുടെ ആവശ്യം. എന്നാൽ, അത് പിന്നീട് 11 ലക്ഷമാക്കി കുറച്ചു. ഇത് അടിസ്ഥാനമാക്കി തേങ്ങയുടെ ഒന്നാം വിളവെടുപ്പും നടത്തി.
രണ്ടാം വിളവെടുപ്പ് നടത്താനിരിക്കെയാണ് നാലു ലക്ഷംകൂടി വെട്ടിക്കുറച്ചതായി അറിയിപ്പുണ്ടായതെന്ന് കർഷകർ പറയുന്നു. സർക്കാർ ഫാമുകൾക്കാവശ്യമായ തെങ്ങിൻ തൈകൾ ഉൽപാദിപ്പിക്കാനാണ് വിത്ത് നാളികേരം സംഭരിക്കുന്നത്. നാദാപുരം മണ്ഡലത്തിലെ കാവിലുംപാറ, മരുതോങ്കര, കായക്കൊടി പഞ്ചായത്തുകളിൽനിന്നും പേരാമ്പ്ര മണ്ഡലത്തിലെ ചക്കിട്ടപാറ പഞ്ചായത്തിൽനിന്നുമാണ് ഒരു തേങ്ങക്ക് 70 രൂപ പ്രകാരം തേങ്ങ സംഭരിക്കുന്നത്. വെട്ടിക്കുറവുമൂലം കൃഷിക്കാർക്ക് 2.80 കോടി രൂപ നഷ്ടമാവുമെന്ന് കണക്കാക്കുന്നു. വിവിധ പ്രശ്നങ്ങൾ കാരണം നടുവൊടിഞ്ഞ നാളികേര കർഷകർക്ക് വലിയ പ്രഹരമാണ് പുതിയ തീരുമാനം. ഇതിനെതിരെ സർക്കാർ അനുകൂല കർഷക സംഘടനകൾക്കടക്കം ശക്തമായ പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പു സമയമായതിനാൽ അവർ മൗനം പാലിക്കുകയാണ്.
കർഷകർ സർക്കാറിനെതിരെ തിരിയുന്ന സാഹചര്യമായതിനാൽ പരിഹാരത്തിനായി സ്ഥലം എം.എൽ.എമാർ മുഖേന കൃഷിവകുപ്പ് മേധാവികളുമായി ബന്ധപ്പെട്ടു വരുന്നതായാണ് വിവരം. ഒരു തെങ്ങിൽനിന്ന് 25 തേങ്ങ വീതമാണ് രണ്ടുതവണയായി ശേഖരിക്കുക.
ആദ്യ വിളവെടുപ്പിന് പത്തും രണ്ടാമത് പതിനഞ്ചും എന്നതാണ് രീതി. ഉൽപാദനക്കുറവ് കാരണം ആദ്യ വിളവെടുപ്പിൽ മിക്ക കർഷകർക്കും ലക്ഷണമൊത്ത 10 എണ്ണം മുഴുവനായി നൽകാൻ കഴിഞ്ഞിരുന്നില്ല. അടുത്ത വിളവെടുപ്പിൽ 25 തികക്കാൻ കാത്തിരിക്കുമ്പോഴാണ് ഇടിത്തീയായി പുതിയ ഉത്തരവ് വന്നത്. വിത്തുതേങ്ങ സംഭരണ പ്രവൃത്തികൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന താൽക്കാലികമായി നിയമിച്ച മുപ്പതിലേറെ ജീവനക്കാർക്കും 40 മാർക്കർമാർക്കും തീരുമാനം പ്രതികൂലമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.