ഡയാലിസിസ് സെന്ററിലെ മലിനജലം; പരിസരവാസികൾ ആശങ്കയിൽ
text_fieldsകുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിൽനിന്ന് മലിനജലം തുറന്നുവിടുന്നത് മൂടാത്ത കുഴിയിലേക്ക്. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി പഴയ ആശുപത്രി സ്ഥലത്ത് നടത്തുന്ന സെന്ററിൽനിന്നാണ് രാസവസ്തുക്കളും മറ്റു മാലിന്യങ്ങളും അടങ്ങിയ മലിനജലം മൂടാത്ത കുഴിയിലേക്ക് വർഷങ്ങളായി തുറന്നു വിടുന്നത്.
ഇതിനുസമീപം ഒരു കിണറുണ്ടായിരുന്നത് പാതി മണ്ണിട്ട് നികത്തി. എന്നാൽ സമീപത്തെ ഒരു വീട്ടുകിണർ മലിനമായതിനാൽ ഉപയോഗിക്കാറില്ലെന്ന് പരിസരവാസികൾ പറയുന്നു. ഡയാലിസിസ് സെന്ററിന് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പുതിയ മലിനജല ടാങ്കും നിർമിക്കുന്നുണ്ട്.
ഭാവിയിൽ മലിനജലം അതിലേക്ക് വിടുമെന്നാണ് പ്രദേശത്തുള്ളവർക്ക് ലഭിച്ച വിവരം. മൂന്ന് അറയുള്ള സെപ്റ്റിക് ടാങ്ക് നിർമിക്കാതെ ഒറ്റ അറയുള്ള ടാങ്കാണ് പണിതത്. ഇതിൽ നിറയുന്ന വെള്ളം ഭാവിയിൽ പാതിനികത്തിയ കിണറിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും അതുവഴി ജനസാന്ദ്രമായ പ്രദേശത്തെ മുഴുവൻ കിണറുകളും മലിനമാകുമെന്നും ചൂണ്ടിക്കാട്ടി യൂനിറ്റി റെസിഡന്റ്സ് അസോസിയേഷൻ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എക്കും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രിക്കും പരാതി നൽകിയിരുന്നു.
കിണർ മുഴുവൻ നികത്തുമെന്നും മലിനജല ടാങ്കിലെ മാലിന്യം സംസ്കരിക്കാൻ പ്ലാന്റ് സ്ഥാപിക്കുമെന്നും ബ്ലോക്ക് പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു. ഇതിന് ബ്ലോക്ക് 20 ലക്ഷം രൂപ വകയിരുത്തി പദ്ധതി തയാറാക്കി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.