ശിവാനി മന്ത്രിക്ക് കത്തെഴുതി; സ്കൂളിനുമുന്നിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസെത്തി
text_fieldsകുറ്റ്യാടി: സ്കൂളിനുമുന്നിലൂടെ സീബ്രാലൈൻ പോലും വകവെക്കാതെ വാഹനങ്ങൾ ചീറിപ്പായുന്നത് കുട്ടികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ഭയന്ന നാലാം ക്ലാസുകാരി നേരിട്ട് മന്ത്രിക്കെഴുതിയ കത്ത് ഫലം കണ്ടു.
കുറ്റ്യാടി-നാദാപുരം സംസ്ഥാന പാതയിലെ വട്ടോളി ഗവ.യു.പി സ്കൂളിന് മുന്നിലൂടെ പോകുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിക്കണമെന്ന നാലാം ക്ലാസിലെ ശിവാനി രൂപേഷ് എഴുതിയ കത്തിനാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അനുകൂല നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം മുതൽ കുറ്റ്യാടി സ്റ്റേഷനിൽനിന്ന് രാവിലെയും വൈകീട്ടും സ്കൂളിന് മുന്നിൽ പൊലീസെത്തി.
‘‘പ്രിയപ്പെട്ട മന്ത്രി, ഞങ്ങളുടെ സ്കൂളിനു മുന്നിലെ റോഡ് മുറിച്ചു കടക്കാൻ വളരെ ബുദ്ധിമുട്ടാണ്. വണ്ടികളൊക്കെ വളരെ വേഗത്തിലാണ് പോകുന്നത്. സീബ്രാലൈനിന്റെ അടുത്തുപോലും വണ്ടികൾ വേഗം കുറക്കില്ല. സ്കൂൾ തുറന്ന ദിവസം പ്രവേശനോത്സവത്തിന് പോകുമ്പോൾ ഞാനും അമ്മയും അനുജത്തി ഗീതികയും ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ടതാണ്. സീബ്രാലൈനിലൂടെ പോകുമ്പോൾ അമിത വേഗത്തിൽ വണ്ടികൾ പോയി.
സ്കൂൾ അടക്കുന്ന സമയത്തും ഇതുപോലെ കുറെ അനുഭവങ്ങളുണ്ടായിരുന്നു. സ്കൂൾ വാർഷിക ദിവസം ഒരു കുട്ടിയെ വണ്ടി തട്ടിയിരുന്നു. രാവിലെയും വൈകുന്നേരവും സ്കൂൾ സമയത്ത് വാഹനങ്ങളുടെ വേഗം കുറക്കാൻ എന്തെങ്കിലും ചെയ്യാമോ? ഞങ്ങളെ സഹായിക്കാൻ പൊലീസിനെ നിർത്താമോ ? കഴിഞ്ഞ ദിവസം ഞങ്ങളുടെ അടുത്തുള്ള വട്ടോളി ഹൈസ്കൂളിന് മുന്നിൽ സീബ്രലൈനിൽവെച്ച് ഒരു കുട്ടിയെ വണ്ടി തട്ടിയിരുന്നു. അതൊക്കെ കേൾക്കുമ്പോൾ പേടിയാവുകയാണ്. പ്രിയപ്പെട്ട മന്ത്രി ഞങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ ശിവാനി. ആർ’’ കഴിഞ്ഞ മാസം 18നാണ് കുട്ടി പരാതി അയച്ചത്.
അച്ഛനോടൊപ്പം ബൈക്കിൽ വരാറുള്ള ശിവാനിക്കുണ്ടായ അനുഭവങ്ങളാണ് കത്തെഴുതാൻ പ്രേരണയായതെന്നും പോസ്റ്റലായാണ് കത്തയച്ചതെന്നും ക്ലാസ് ടീച്ചർ അശ്വതി പറഞ്ഞു. പഠനത്തിലും പാേഠ്യതര പ്രവർത്തനങ്ങളിലും മുന്നിലാണ് മൊകേരി നമ്പൂടിശ്ശന്റെപറമ്പത്ത് രൂപേഷിന്റെയും രോഷ്നയുടെയും മകളായ ഈ മിടുക്കി. വെള്ളിയാഴ്ച അസംബ്ലിയിൽ ശിവാനിയെ അനുമോദിക്കുമെന്ന് പ്രധാനാധ്യാപിക റംല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.