ആറാണ്ടിനുശേഷം ജാവേദ് 'മാതാപിതാക്കളെ' കണ്ടു
text_fieldsകുറ്റ്യാടി: കോഴിക്കോട് ജുവനൈൽ ഹോമിൽ വളർന്ന ലഖ്നോകാരൻ ജാവേദ്(19) ഒരിക്കൽകൂടി രക്ഷിതാക്കളുടെ സാന്നിധ്യമറിഞ്ഞു. സ്വന്തമല്ലെന്നറിഞ്ഞിട്ടും അതിനേക്കാൾ വലിയ സ്നേഹമറിഞ്ഞു. വർഷങ്ങൾക്കുശേഷമുള്ള കണ്ടുമുട്ടൽ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുമായി. ഓർമയിലെ മുഖങ്ങൾ തേടിയുള്ള യാത്രയാണ് 'പഴയ' രക്ഷിതാക്കളിലേക്ക് ജാവേദിനെ തിരികെയെത്തിച്ചത്.
ജാവേദിന്റെ ഓർമയിലെ മാതാപിതാക്കൾ കക്കട്ടിൽ പാതിരിപ്പറ്റയിലെ സി.കെ. ഖാസിം മാസ്റ്ററും ഭാര്യ പി.ടി. സൈനബയുമാണ്. 2016ൽ ജുവനൈൽ ഹോമിലുള്ള കുട്ടികൾക്ക് വേനലവധിക്കാലത്ത് വീട്ടിൽ പോകാൻ അവസരമുണ്ടായപ്പോൾ രക്ഷിതാക്കളാരെന്നറിയാത്ത, ഒരിടവും ഇല്ലാത്ത ജാവേദിനെ നാലുമക്കളുള്ള ഖാസിം മാസ്റ്റർ ഏറ്റെടുക്കുകയായിരുന്നു. രണ്ടുമാസം സ്വന്തം മക്കൾക്കൊപ്പം വിവേചനങ്ങളില്ലാതെ ജാവേദിനെ ഖാസിം മാസ്റ്ററും ഭാര്യ സൈനബയും പരിചരിച്ചു. മാഷിന്റെ മകനും മൂന്നു പെൺമക്കൾക്കും അവൻ അനുജനായി മാറി. എന്നാൽ, അവധി തീർന്നതോടെ വീണ്ടും അവൻ 'അനാഥനായി'.
മർകസ് സ്കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി. പതിനെട്ടാം വയസ്സിൽ ജുവനൈൽ ഹോം വിട്ട ജാവേദുമായി അധികൃതർ യഥാർഥ മാതാപിതാക്കളെ തേടി ലഖ്നോവിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. കോഴിക്കോട് തിരിച്ചെത്തിയ അവൻ വൃദ്ധസദനത്തിൽ അന്തേവാസിയായി. ഇതിനിടെയാണ് 'ഉപ്പയെയും ഉമ്മയെയും' തേടി കുറ്റ്യാടിക്ക് ബസ് കയറിയത്. പക്ഷേ, ഖാസിം മാസ്റ്ററുടെ വീട് എവിടെയാണെന്നറിയില്ലായിരുന്നു. മലയാളവും അറിയില്ല. മുമ്പ് കുറ്റ്യാടിയെന്നു കരുതി കുറ്റിപ്പുറത്തേക്ക് പോയി തിരിച്ചുപോന്നതാണ്. കുറ്റ്യാടിയിൽ 'ഉപ്പ'ക്കൊപ്പം സന്ദർശിച്ച പള്ളി, കടകൾ, പെട്രോൾ പമ്പ് എന്നിവിടങ്ങളിലെല്ലാം ജാവേദ് മാസ്റ്ററെ അന്വേഷിച്ചു. ഒടുവിൽ ആംബുലൻസ് ഡ്രൈവറാണ് പാലിയേറ്റിവ് വളന്റിയർകൂടിയായ ഖാസിം മാസ്റ്ററുടെ വീട്ടിലെത്തിച്ചത്.
വിവരണാതീതമായിരുന്നു ആ പുനഃസമാഗമം. ഒരു പകൽ മുഴുവൻ പാതിരിപ്പറ്റ മീത്തൽ വയലിലെ വീട്ടിൽ അവൻ ചെലവഴിച്ചു. മാസ്റ്ററുടെ മക്കളും ധന്യമുഹൂർത്തം പങ്കിടാനെത്തി. പ്ലസ്ടുവിന് പഠിക്കണമെന്നാണ് ഇപ്പോൾ ജാവേദിന്റെ ആഗ്രഹം. അതിന് വഴിയുണ്ടാക്കാമെന്ന 'ഉപ്പയുടെ' ഉറപ്പ് കേട്ടാണ് അവൻ തിരിച്ചുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.