മാറ്റമില്ലാതെ വിദ്യാർഥികളുടെ യാത്രാപ്രശ്നം
text_fieldsകുറ്റ്യാടി: ഉൾനാടുകളിൽ വിദ്യാർഥികളുടെ യാത്രാപ്രശ്നം വർധിക്കുന്നു. വേളം, മരുതോങ്കര, കായക്കൊടി, തോട്ടത്താങ്കണ്ടി ഭാഗങ്ങളിലെ കുട്ടികളാണ് ആവശ്യത്തിന് ബസുകളില്ലാത്തതിനാൽ സ്കൂളിലെത്താനും തിരികെ പോകാനും വിഷമിക്കുന്നത്.
സമാന്തര സർവിസുകളാണ് മിക്കവർക്കും ആശ്രയം. പലരും ജീപ്പുകളുടെ പിറകിൽ തൂങ്ങിപ്പിടിച്ചാണ് യാത്ര. കോടികൾ മുടക്കി വേളം, മരുതോങ്കര ഭാഗങ്ങളിലേക്ക് റബറൈസ്ഡ് റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും ആവശ്യത്തിന് ബസ് സർവിസ് അനുവദിച്ചിട്ടില്ല. കുറ്റ്യാടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികൾ ജീപ്പിനു പിറകിൽ തൂങ്ങിപ്പിടിച്ച് അപകട നിലയിൽ യാത്ര ചെയ്യുന്നത് കാണാം.
അകത്തിരുന്നാൽ നിരക്ക് ഏറെയാണെന്നും തൂങ്ങിപ്പിടിച്ച് പോയാൽ കുറയുമെന്നും കുട്ടികൾ പറയുന്നു. ആറുപേർ വരെ ഇപ്രകാരം പിറകിൽ തൂങ്ങിപ്പിടിച്ച് പോകുന്നതു കാണാം. ചിലപ്പോൾ വശങ്ങളിലെ വാതിലിനു സമീപവും തൂങ്ങിപ്പിടിച്ചിരിക്കും. കുറ്റ്യാടിയിൽ നിന്ന് വടയം, തീക്കുനി ഭാഗത്തേക്ക് ബസ് കുറവായതിനാൽ കുട്ടികളെയും മറ്റു യാത്രക്കാരെയും കുത്തിനിറച്ചാണ് ബസുകളുടെ യാത്ര.
തോട്ടത്താങ്കണ്ടി റൂട്ടിൽ തീരെ ബസുകളില്ലാത്തതിനാൽ അധിക പേരും കാൽനടയായാണ് പോക്കുവരവ്. സ്വകാര്യ സ്കൂളുകൾക്ക് സ്വന്തമായി ബസുകളുണ്ടെങ്കിലും രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കുറ്റ്യാടി ഗവ.ഹയർസെക്കൻഡറിക്ക് ബസില്ല. ഈ കുട്ടികളൊക്കെയും ബസുകളെയും സമാന്തര സർവിസുകളെയുമാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.