സാങ്കേതിക പരിഷ്കാരം; കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സക്ക് നീണ്ട കാത്തിരിപ്പ്
text_fieldsകുറ്റ്യാടി: പുതുതായി നടപ്പാക്കിയ പരിഷ്കാരങ്ങൾമൂലം കുറ്റ്യാടി ഗവ. ആശുപത്രിയിലെ ഒ.പിയിൽ ചികിത്സ കിട്ടാൻ നീണ്ട കാത്തിരിപ്പ്. ഡിജിറ്റൽ ടോക്കനാണ് ആദ്യപടി. തുടർന്ന് ഒ.പി ടിക്കറ്റെടുക്കാൻ നീണ്ട കാത്തിരിപ്പ്. ടിക്കറ്റ് കിട്ടിയാൽ ഒ.പിക്കു മുന്നിൽ ഊഴംകാത്ത് ഏറെ നേരം. ഒ.പി ടിക്കറ്റിൽ ഡോക്ടർ മരുന്ന് കുറിക്കില്ല. അതിനാൽ, തനിക്ക് എന്തു മരുന്നാണ് കുറിച്ചതെന്ന് രോഗിക്ക് മനസ്സിലാവില്ല.
മരുന്നിന് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തി ഫാർമസിയിലേക്ക് ഓൺലൈനായി അയക്കും. കമ്പ്യൂട്ടർ പരിജ്ഞാനം കുറഞ്ഞ ഡോക്ടറാണെങ്കിൽ ഇതിന് സമയം കൂടുതലെടുക്കും. ടെസ്റ്റുകൾ, എക്സ്റേ, ഡ്രസ്സിങ്, ലാബ് പരിശോധന എന്നിവ ഉണ്ടെങ്കിൽ മാത്രമാണ് ഒ.പി ടിക്കറ്റിൽ രേഖപ്പെടുത്തുക. ഫാർമസിയിൽ ഒ.പി ടിക്കറ്റിലെ നമ്പർ പ്രകാരം കമ്പ്യൂട്ടറിൽനിന്ന് ഡോക്ടർ നിർദേശിച്ച മരുന്ന് തെരഞ്ഞെടുക്കണം.
ഇതിനാൽ ഏറ്റവും കൂടുതൽ തിരക്ക് ഫാർമസിക്കു മുന്നിലാണ്. രോഗികൾ മണിക്കൂറുകൾ കാത്തുനിന്ന് തളരുന്നതിനാൽ വ്യാഴാഴ്ച എച്ച്.എം.സി മെംബർമാരെത്തി ടോക്കണുകൾ വിതരണം ചെയ്തു. പനിസീസണായതോടെ ദിവസം 700 നും 1000 നും ഇടയിലാണ് രോഗികളുടെ വരവ്. കമ്പ്യൂട്ടർവൽക്കരിച്ചതിനാൽ ചികിത്സ സംബന്ധിച്ച കാര്യങ്ങളെല്ലാം സുതാര്യമാവുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തുടക്കമാണെന്നും പരിചയപ്പെടുന്നതോടെ വേഗത കൂടുമെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.