പുഴ ഗതിമാറിയൊഴുകി തീരമിടിച്ചില്‍ രൂക്ഷം; നിരവധി കുടുംബങ്ങൾ ഭീതിയിൽ
text_fieldsകുറ്റ്യാടി: കുറ്റ്യാടിപ്പുഴയുടെ മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് പുത്തന്‍പീടിക മുറിച്ചോര്‍ മണ്ണില്‍ താഴെകടവ് ഭാഗത്ത് പുഴ ഗതിമാറിയൊഴുകി തീരമിടിച്ചില്‍ രൂക്ഷം. ഒമ്പതോളം കുടുംബങ്ങളാണ് തീരമിടിച്ചില്‍ ഭീഷണിയിൽ ഭീതിയിൽ കഴിയുന്നത്. പഞ്ചായത്ത്, വില്ലേജ് മുതൽ ജില്ല കലക്ടർവരെയുള്ള ഉദ്യോഗസ്ഥർക്ക് പലതവണ സ്ഥല ഉടമകളും പ്രദേശവാസികളും പ്രശ്നത്തിന്റെ ഗൗരവം ശ്രദ്ധയിൽപെടുത്തിയിട്ടും നടപടി ഉണ്ടായിട്ടില്ല.
മരുതോങ്കര പഞ്ചായത്തിലെ 12, 13 വാര്‍ഡുകള്‍ ഉള്‍പ്പെട്ട പ്രദേശത്താണ് വ്യാപകമായ രീതിയില്‍ കരയിടിഞ്ഞ് പുഴയായി മാറുന്നത്. 2017 മുതല്‍ തീരമിടിച്ചിൽ ഉണ്ടായിരുന്നു. പുഴയിൽ തുരുത്ത് രൂപപ്പെട്ടത് കാരണം 2018ലെ പ്രളയത്തില്‍ പുഴ ദിശമാറി ഒഴുകിയതിനുശേഷം ഇത് ശക്തമായി. മണൽ വാരൽ നിയന്ത്രണം നിലനിൽക്കുന്നതിനാൽ തുരുത്ത് വർഷം തോറും വലുതായി ദ്വീപായി രൂപപ്പെട്ട് പുഴയുടെ ഒഴുക്കിന്റെ ദിശമാറി വരുന്നതാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. ഇതുവരെയായി ഏകദേശം ഒന്നര ഏക്കറോളം ഭൂമി പുഴയെടുത്തു. കഴിഞ്ഞ ദിവസം അഞ്ച് മീറ്റർ നീളത്തിലാണ് പുഴയുടെ തീരം ഇടിഞ്ഞത്.
പ്രദേശത്ത് താമസിക്കുന്നവരുടെ കിടപ്പാടം പോലും പുഴ കവരുമെന്ന ഭീതിയിലാണ്. മണ്ടോള്കണ്ടി അമ്മദ്, മുറിച്ചോര്‍ മണ്ണില്‍ ഹമീദ്, അഷ്റഫ്, ഹലിമ നൗഷാദ്, ജമാല്‍, കുഞ്ഞമ്മദ്, താഴെ ഇല്ലത്ത് മുറിച്ചോര്‍ മണ്ണില്‍ മൊയ്തു, വല്ലത്ത് അമ്മദ്, കുനിയില്‍ നാണു മമ്പ്ര ജലീല്‍ എന്നിവരുടെ വീടുകളും പറമ്പുകളുമാണ് തീരമിടിച്ചിൽ ഭീഷണി നേരിടുന്നത്. പ്രദേശത്തെ പതിനഞ്ചോളം വീട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറും തീരമിടിച്ചിൽ ഭീഷണിയിലാണ്. മുൻ വർഷങ്ങളിൽ എം.എല്‍.എ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പരിഹാരത്തിന് കാലതാമസം നേരിട്ടാൽ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധ സമരത്തിനിറങ്ങാനുള്ള തീരുമാനത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.