കുറ്റ്യാടി ഗവ.ആശുപത്രിയിൽ മൂന്നാമതും മലിനജല സംസ്കരണ പദ്ധതി
text_fieldsകുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ മലിനജല പ്രശ്നം പരിഹരിക്കാൻ ആദ്യം ബയോഗ്യാസ് പ്ലാൻറ്, അത് പ്രവർത്തനരഹിതമായപ്പോൾ ദ്രവമാലിന്യ സംസ്കരണ പ്ലാൻറ്, ആ പദ്ധതിയും പാഴായപ്പോൾ 36 ലക്ഷത്തിന്റെ പുതിയ പദ്ധതിയുമായി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്.
താഴ്ന്ന പ്രദേശത്താണ് ആശുപത്രി പ്രവർത്തിക്കുന്നത്. മഴക്കാലത്ത് ഉറവജലം കാരണം കക്കൂസ് ടാങ്കുകൾ നിറഞ്ഞുകവിയും. ഇത് പുറത്തേക്കൊഴുകി റോഡിലെ ഓവുചാലിലെത്തുന്ന സ്ഥിതിയായിരുന്നു തുടക്കത്തിൽ. ഇത് പരിഹരിക്കാനാണ് ആദ്യം ബയോഗ്യാസ് പ്ലാൻറ് സ്ഥാപിച്ചത്. നൂറിൽപരം കിടക്കകളുള്ള ആശുപത്രിയിൽനിന്ന് പുറത്തുവരുന്ന മലിനജലത്തെ ഉൾക്കൊള്ളാൻ കഴിയാതെ പ്ലാന്റ് പ്രവർത്തനം നിലച്ചു. തുടർന്ന് കോഴിക്കോട് പോളിടെക്നിക്കിന്റെ സാങ്കേതിക സഹായത്തോടെ 2010ൽ 15 ലക്ഷത്തിന്റെ മറ്റൊരു പദ്ധതി നടപ്പാക്കി. കേരളത്തിൽത്തന്നെ ഏറ്റവും നൂതനവും കിടയറ്റതും എന്നായിരുന്നു വിശദീകരണം. ഇതിനെപ്പറ്റി പഠിക്കാൻ ഭരണസമിതി ഭാരവാഹികൾ നടപ്പാക്കിയ സ്ഥാപനങ്ങൾ സന്ദർശിച്ചു. കക്കൂസ് ജലം പമ്പുചെയ്ത് ആശുപത്രി വളപ്പിൽ മുകൾഭാഗത്ത് സ്ഥാപിച്ച വിവിധ അറകളുള്ള ടാങ്കിലേക്കുവിട്ട് വിവിധ പ്രക്രിയകളിലൂടെയും രാസവസ്തുക്കൾ ഉപയോഗിച്ച് ശുദ്ധീകരിക്കുന്ന പദ്ധതിയായിരുന്നു.
ഇതും ലക്ഷ്യം കണ്ടില്ല. കക്കൂസ് ടാങ്ക് നിറഞ്ഞു കവിയുമെന്നായപ്പോൾ ശക്തിയേറിയ മോട്ടോറുകൾ കൊണ്ടുവന്ന് മാലിന്യം അടിച്ച് പഴയ ടാങ്കുകളിൽ നിക്ഷേപിച്ചു. കക്കൂസ് ടാങ്കുകൾ വലുപ്പം കൂട്ടി. വർഷങ്ങൾ വെറുതെകിടന്ന ശേഷമാണ് ദ്രവ, മാലിന്യ സംസ്കരണ പ്ലാന്റ് ഉപേക്ഷിച്ച് പുതിയത് സ്ഥാപിക്കുന്നത്. പ്രവൃത്തികൾ ഏതാണ്ട് പൂർത്തിയായതായി ബ്ലോക്ക് ഭാരവാഹികൾ പറഞ്ഞു. കേരളത്തിൽ ആദ്യമായി നടപ്പാക്കുന്ന നൂതന പദ്ധതിയാണിതെന്നും അറിയിച്ചു. നേരത്തെ സ്ഥാപിച്ച പ്ലാന്റിന്റെ ടാങ്കുകൾ മാത്രമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്. കൂടാതെ മൂന്ന് പുതിയ കോൺക്രീറ്റ് ടാങ്കുകളും യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഇ-ടോയ്ലറ്റ് സ്ഥാപിക്കുമെന്നും അതിലെ മാലിന്യങ്ങൾ കൂടി ശുദ്ധീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും പ്രസിഡന്റ് കെ.പി. ചന്ദ്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.