കണ്ണിൽ മുള്ളുതറച്ച പട്ടിക്കുട്ടി നൊമ്പരക്കാഴ്ചയായി; സന്നദ്ധ പ്രവർത്തകരുടെ ശ്രമഫലമായി മോചനം
text_fieldsകുറ്റ്യാടി: വീട്ടുപറമ്പിൽ മുള്ളൻപന്നിയെ തുരത്താൻപോയ വളർത്തുപട്ടിക്കുട്ടിയുടെ കണ്ണിൽ മുള്ളൻ മുള്ള് എയ്തു. രണ്ട് മുള്ളുകളുമായി പകൽമുഴുവൻ കരഞ്ഞുനടന്ന പട്ടിയുടെ കണ്ണിൽനിന്ന് സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായി മുള്ള് നീങ്ങി.
കായക്കൊടിയിലെ കുനിയിൽ അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിലെ കാർഷികവിള നശിപ്പിക്കാൻവന്ന മുള്ളൻപന്നിയെ തുരത്താൻപോയതായിരുന്നു. വെളുപ്പിന് പട്ടി നിർത്താതെ കരയുന്നത് കേട്ട് പരിശോധിച്ചപ്പോഴാണ് കണ്ണിൽ മുള്ളുകൾ കാണുന്നത്. അവ പറിച്ചെടുക്കാൻ വീട്ടുകാർ ചെന്നപ്പോൾ പട്ടി ഓടിമാറി. മുള്ള് നിലത്ത് കുത്തുന്നതിനാൽ നിലത്തുനിന്ന് പട്ടിക്ക് ഭക്ഷണവും കഴിക്കാനായില്ല.
പട്ടിയുടെ ദൈന്യത അബ്ദുറഹ്മാൻ ഹാജിയുടെ ഭാര്യയും കായക്കൊടി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ജന്നത്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
ഇതോടെ സിവിൽ പൊലീസ് ഓഫിസർ ശ്രീനാഥ്, സാമൂഹികപ്രവർത്തകൻ ബഷീർ തുണ്ടിക്കാട്ടിൽ എന്നിവർ മുള്ള് പറിക്കാനാൻ ശ്രമംതുടങ്ങി. വള്ളിപ്പടർപ്പിനിടയിലൂടെ ഓടുന്നതിനിടയിൽ വള്ളിയിൽ കുടുങ്ങി ഒരു മുള്ള് പറിഞ്ഞുപോയി. വീണ്ടും പട്ടിയെ ഓടിച്ചപ്പോൾ മരത്തിലെ വള്ളിപ്പടർപ്പിൽ കുടുങ്ങി മറ്റേ മുള്ളും പറിഞ്ഞെന്ന് വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.