ഒരു തൂണ് നിർമാണം ബാക്കി: തോട്ടത്താങ്കണ്ടിക്കടവ് പാലം വൈകുന്നു
text_fieldsകുറ്റ്യാടി: കഴിഞ്ഞതവണ കാലവർഷം നേരത്തെ എത്തിയതിനെ തുടർന്ന് ഒരു തൂണിന്റെ പ്രവൃത്തി തടസ്സപ്പെട്ടതിനാൽ കുറ്റ്യാടി പുഴയിലെ തോട്ടത്താങ്കണ്ടിക്കടവ് പാലത്തിന്റെ നിർമാണം വൈകുന്നു. 117 മീറ്റർ നീളമുള്ള പാലത്തിന്റെ നാല് തൂണുകളിൽ ഒന്നിന്റെ പ്രവൃത്തി പൂർത്തിയായിട്ടില്ല. പുഴയിൽ കുഴിയെടുത്ത് തൂണുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ ശക്തമായ മഴ ആരംഭിക്കുകയും സാമഗ്രികൾ ഒഴുകിപ്പോവുകയുമായിരുന്നു.
ഇതുവരെ പുഴയിലെ ശക്തിയായ ഒഴുക്കിനും ശമനമായിട്ടില്ല. പാറയിൽ ഡ്രിൽ ചെയ്താണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത്. നാല് തൂണുകളിൽ രണ്ടെണ്ണം പുഴയിലും രണ്ടെണ്ണം കരയിലുമാണ്. പുഴയിലെ ഒരു തൂണും കരയിലെ രണ്ട് തൂണും സൈഡ് ഭിത്തികളും കാലവർഷത്തിനുമുമ്പെ പണി പൂർത്തിയായിരുന്നു.
തൂണിന്റെ നിർമാണനടപടികളുടെ ഭാഗമായി പൂഴിച്ചാക്കുകളിട്ട് വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മധ്യഭാഗം വളഞ്ഞും ഉയർന്നതുമായിട്ടാണ് പാലം രൂപകൽപന ചെയ്തിരിക്കുന്നത്. പുഴക്കരയിലെ കൂറ്റൻ ഉരിപ്പുമരവും പാലത്തിന് ഭീഷണിയായതിനാൽ മുറിച്ചുമാറ്റിയേക്കും.
9.20 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന് 11 മീറ്റർ വീതിയും അഞ്ച് സ്പാനുകളുമുണ്ടാവും. മരുതോങ്കര ഭാഗത്ത് 480ഉം ചങ്ങരോത്ത് ഭാഗത്ത് 180ഉം മീറ്റർ അപ്രോച്ച് റോഡ് നിർമിക്കും. ചങ്ങരോത്ത് ഭാഗത്തെ അപ്രോച്ച് റോഡ് നിർമാണത്തിൽ നാട്ടുകാർ അപാകത ആരോപിച്ചതിനാൽ സൈഡ് ഭിത്തി പൊളിച്ച് മാറ്റിപ്പണിയാൻ പി.ഡബ്ല്യൂ.ഡി അസി.എക്സി.എൻജിനീയർ നിർദേശിച്ചിട്ടുണ്ട്. നിലവിലെ ഭിത്തിയിൽ റോഡ് ഉയർത്തിയാൽ വീതി കുറഞ്ഞുപോകുമെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.