കുറ്റ്യാടി ചുരത്തിൽ ട്രാവലർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
text_fieldsകുറ്റ്യാടി: വയനാട് റോഡിൽ പക്രന്തളം ചുരത്തിൽ ട്രാവലർ കത്തിനശിച്ചു. കൂരാച്ചുണ്ടിൽനിന്നുള്ള സംഘവുമായി വയനാട്ടിലേക്കു പോകുന്ന ടെമ്പോ വാനിനാണ് ആറാം വളവിൽ തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. കുറ്റ്യാടി ചെറിയകുമ്പളം മയിലിശ്ശേരി കെ. സുബൈറിെൻറ 'പോക്കുവരവ്' എന്ന് പേരുള്ള ട്രാവലറാണ് പൂർണമായി കത്തിനശിച്ചത്. പള്ളിദർസിൽ പഠിക്കുന്ന 17 വിദ്യാർഥികളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് തൊട്ടിൽപാലം പൊലീസ് പറഞ്ഞു.
ആറാം വളവിലെത്തിയതോടെ വാനിൽനിന്ന് പുക ഉയരുന്നതു കണ്ട് ഡ്രൈവർ മൊകേരി സ്വദേശി മനോജനോട് വാഹനം നിർത്താനാവശ്യപ്പെട്ടു. ഉടൻ എല്ലാവരും പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നെന്ന് യാത്രക്ക് നേതൃത്വം നൽകിയ ഷമീർ സഅദി പറഞ്ഞു. നിമിഷനേരംകൊണ്ട് വാഹനം മുഴുവൻ ചാമ്പലായി. നാദാപുരത്തുനിന്നെത്തിയ അഗ്നി രക്ഷ സേന തീ അണച്ചു.
എസ്.ടി.ഒ -ഇൻ ചാർജ് ഇ.സി. നന്ദകുമാർ, എ.എസ്.ടി.ഒ വിനോദൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.പി. ബിജു, എ.പി. ഷൈജേഷ്, കെ. ജൈസൽ, ഡി. അജേഷ്, സി.കെ. പ്രേംജിത്, കെ. പ്രബീഷ്, എം.വി. ശ്രീരാഗ്, പി.എം. വിജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ചുരത്തിൽ വാഹന അപകടവും തീപിടിത്തവും ഉണ്ടാവുമ്പോൾ 20 കിലോ മീറ്ററപ്പുറം നാദാപുരത്തെ ഫയർഫോഴ്സ് മാത്രമാണ് ആശ്രയം. കുറ്റ്യാടിയിലോ തൊട്ടിൽപ്പാലത്തോ ഫയർ സ്റ്റേഷൻ ആരംഭിച്ചാൽ മലയോര പഞ്ചായത്തുകളിലും ചുരത്തിലും അത്യാഹിതമുണ്ടായാൽ എളുപ്പും എത്തിപ്പെടാനാവുമെന്ന് നാട്ടുകാർ പറയുന്നു.
ചുരത്തിൽ വാഹനം കത്തുന്ന സംഭവം ആവർത്തിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടി ചുരത്തിൽ വാഹനങ്ങൾ കത്തിനശിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. അവസാനമായി വ്യാഴാഴ്ച ഉച്ചക്ക് ആറാം വളവിൽ ടെമ്പോ ട്രാവലറാണ് കത്തിനശിച്ചത്.ഇതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം നാലാം വളവിലും രണ്ടു വർഷം മുമ്പ് ഒമ്പതാം വളവിലും ഓരോ കാറുകൾ കത്തിനശിക്കുകയുണ്ടായി. വാഹനങ്ങൾ അമിതമായി ചൂടായി എൻജിന് തീപിടിക്കുകയാണ്.
ചുരത്തിെൻറ അശാസ്ത്രീയതയാണ് വാഹനങ്ങൾ അമിതമായി ചൂടാവാൻ കാരണമെന്ന് അഭിപ്രായമുണ്ട്. താമരശ്ശേരി ചുരത്തെ അപേക്ഷിച്ച് കുത്തനെയുള്ള കയറ്റമാണ് ഇവിടെയെന്ന് പൊലീസ് പറയുന്നു. മുമ്പ് കെ.എസ്.ആർ.ടി.സി ബസിെൻറ ഹീറ്ററിൽ നിന്ന്ചൂടുള്ള ദ്രാവകം ദേഹത്തേക്ക് തെറിച്ചു വീണ് മുൻഭാഗത്ത് ഇരുന്ന യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ചുരമിറങ്ങുന്ന വാഹനങ്ങൾ നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവങ്ങളും ഏറെയാണ്. ചുരത്തിൽ മുമ്പ്കത്തി നശിച്ച വാഹനങ്ങൾ മാറ്റാതെ കിടക്കുകയാണ്. പൊതുവെ വീതികുറഞ്ഞ ചുരംറോഡിൽ ഇത്തരം വാഹനങ്ങൾ മറ്റു വാഹനങ്ങൾക്ക് തടസ്സമാകുകയാണ്. ചുരം റോഡ് വികസനത്തിന് ഫണ്ടനുവദിച്ചിട്ടും ഇതുവരെ പ്രവൃത്തി തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.