ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിന് രണ്ടാണ്ട്; നീതിതേടി ഇരകൾ അലയുന്നു
text_fieldsകുറ്റ്യാടി: പ്രമാദമായ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിന് രണ്ടാണ്ട്. 2021 ആഗസ്റ്റ് 26നാണ് പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുണ്ടായിരുന്ന ജ്വല്ലറി അടച്ചുപൂട്ടി ഉടമകൾ സ്ഥലം വിട്ടത്. നാനൂറോളം നിക്ഷേപകർ വഞ്ചിതരായി. ഏറെയും സാധാരണക്കാരായിരുന്നു.
വിധവകളും രോഗികളും തൊഴിലുറപ്പ് തൊഴിലാളികളും ഇതിൽ ഉൾപ്പെടും. ജ്വല്ലറികൾ പൂട്ടുംമുമ്പ് സ്റ്റോക്കുണ്ടായിരുന്ന 22 കിലോയോളം സ്വർണം ഉടമകൾ എടുത്തുമാറ്റിയെന്നും 25 കോടി രൂപയുടെ തട്ടിപ്പ് നടന്നതായും നിക്ഷേപകർ ആരോപിക്കുന്നു. പാർട്ണർമാരായ വി.പി. സബീർ, കെ.പി. ഹമീദ്, തയ്യുള്ളതിൽ മുഹമ്മദ്, ഹമീദ്, സബീൽ തൊടുപൊയിൽ, മാനേജർമാരായ റൂംഷാദ് വടയം, സാലിം അലി വടയം, ഇർഷാദ് എന്നിവരും അറസ്റ്റിലായി. എല്ലാവർക്കും ജാമ്യം ലഭിക്കുകയും ചെയ്തു.
സർവകക്ഷി ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നിരന്തരം അരങ്ങേറി. എന്നാൽ, ഇരകളുടെ ഒരുതരി പൊന്നോ പണമോ ഇനിയും തിരികെ കിട്ടിയിട്ടില്ല. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വിഷയം കൈവിട്ട സ്ഥിതിയിലാണ്. രാഷ്ട്രീയ പാർട്ടിക്കാർക്ക് സമരം വിജയിപ്പിക്കാൻ കഴിയാതിരുന്നത് പ്രതികളുടെ സാമ്പത്തിക രാഷ്ട്രീയ സ്വാധീനം കൊണ്ടാണെന്ന് ഇരകൾ ആരോപിക്കുന്നു.
തട്ടിപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടിയിൽ ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തുന്നുണ്ട്. ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തി കേസിൽ ബഡ്സ് നിയമം ചുമത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.