വ്യാജ നമ്പർ പതിച്ച ബൈക്കിന്റെ നിയമലംഘനം; പിഴവീണത് യഥാർഥ ബൈക്കുടമക്ക്
text_fieldsകുറ്റ്യാടി: കോഴിക്കോട് രജിസ്റ്റർ ചെയ്ത ബൈക്കിന്റെ നമ്പർ പതിച്ച് എറണാകുളം, ഇടുക്കി ജില്ലകളിൽ ഓടിച്ച വ്യാജബൈക്ക് വരുത്തിയ നിയമലംഘനങ്ങൾക്ക് പിഴ വന്നത് യഥാർഥ ഉടമക്ക്. വേളം പെരുവയൽ അത്യോട്ടുകുന്നുമ്മൽ അബ്ദുൽ സമീറിന്റെ കെ.എൽ 18 എച്ച് 8140 നമ്പർ ബൈക്കിന്റെ നമ്പർ പതിച്ച് ഓടിയ വ്യാജ ബൈക്ക് എട്ടുതവണ നിയമലംഘനം നടത്തിയതിന് സമീറിനാണ് മോട്ടോർ വാഹന വകുപ്പ് 500 രൂപ വീതം ചുമത്തിയത്. വൈ.ബി.ആർ ലിബറോ മോഡൽ ബൈക്കാണ് സമീറിന്റേത്. എന്നാൽ കാമറയിൽ പതിഞ്ഞ വ്യാജ ബൈക്കിന്റെ നമ്പർ മാത്രമാണ് വ്യക്തമാവുന്നത്.
ഹെൽമറ്റ് ധരിക്കാതിരിക്കൽ രണ്ടിൽ കൂടുതൽ ആളെ കയറ്റൽ തുടങ്ങിയതിനാണ് 2022 ഡിസംബർ മുതൽ 2023 ജൂൺവരെ പിഴയിട്ടത്. എറണാകുളം, മടക്കത്താനം, തൊടുപുഴ, വെങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ കാമറകളിലാണ് ബൈക്കിന്റെ ചിത്രം പതിഞ്ഞത്.
ആർ.ടി.ഒയുടെ ഇ-ചലാൻ സൈറ്റിൽ പരിശോധിച്ചപ്പോഴാണ് അധികം ഓടാതെ വീട്ടിൽ കിടക്കുന്ന ബൈക്കിന് പിഴചുമത്തിയത് ശ്രദ്ധയിൽപെടുന്നത്. തുടർന്ന് സമീർ വടകര ആർ.ടി.ഒക്ക് പരാതി നൽകിയിട്ടുണ്ട്. അപൂർവമായ ഈ കേസിൽ എന്ത് നടപടിയെടുക്കണമെന്ന് അധികൃതർക്ക് വ്യക്തമായിട്ടില്ലേത്ര. എല്ലാ കേന്ദ്രങ്ങളിലും പരാതി കൊടുക്കാനാണ് അവർ നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.