കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ സന്ദർശകർക്ക് ഇരിപ്പിടമായി
text_fieldsകുറ്റ്യാടി: കോടിയിൽപരം രൂപ ചെലവിൽ നിർമിച്ച കുറ്റ്യാടി പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ സന്ദർശകർക്ക് ഇരിപ്പിടമില്ലാത്ത പ്രശ്നത്തിന് പരിഹാരമായി. കഴിഞ്ഞ വർഷം പ്രവർത്തനമാരംഭിച്ച പുതിയ കെട്ടിടത്തിൽ പരാതിയും മറ്റുമായെത്തുന്നവർ മുറ്റത്ത് നിൽക്കേണ്ട അവസ്ഥ 'മാധ്യമം' വാർത്തയാക്കിയിരുന്നു. പ്രതികരണമെന്നോണം ഇൻസ്പെക്ടർ ടി.പി. ഫർഷാദ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ബന്ധപ്പെട്ടു.
സൗജന്യമായി ഇരിപ്പടം നിർമിച്ചു കൊടുക്കാൻ സൊസൈറ്റി തീരുമാനിക്കുകയും ടൈൽ പാകിയ മനോഹര ഇരിപ്പിടം നിർമിക്കുകയും ചെയ്തു. ഇതിന് മേൽക്കൂരയും പണിയും. സൗന്ദര്യവൽക്കരണത്തിന് ഭാഗമായി പാർക്കിങ് ഷെഡ്, പൂന്തോട്ടം, സന്ദർശകരുടെ വാഹനം പാർക്ക് ചെയ്യാൻ ഇടം എന്നിവ നിർമിച്ചു കൊടുക്കാനും സൊസൈറ്റി സമ്മതിച്ചതായി സി.ഐ.പറഞ്ഞു.
തൊണ്ടി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലം വൃത്തിയാക്കി അവിടെയും സൗകര്യങ്ങൾ ഒരുക്കും. കഴിഞ്ഞാഴ്ച വാഹനങ്ങൾ നീക്കുന്നതിനിടയിൽ ക്രെയിൻ മറിഞ്ഞ് പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. അതിനിടെ, സ്റ്റേഷനിലെത്തുന്നവർക്ക് കുടിവെള്ളത്തിന് സൗകര്യമില്ലെന്ന കാര്യം സന്ദർശകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.