കനാൽ ജലത്തിന് മുറവിളി
text_fieldsകുറ്റ്യാടി: ജലസേചന പദ്ധതി കനാലുകളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ജലവിതരണം താളംതെറ്റുന്നു. പെരുവണ്ണാമൂഴി അണക്കെട്ടിൽനിന്ന് ആവശ്യത്തിന് വെള്ളം വിടാൻ കഴിയാത്തതും 50 വർഷം പഴക്കമുള്ള കനാലുകളിലെ വ്യാപക ചോർച്ചയുമാണ് കാരണം.
മുൻവർഷങ്ങളെ അപേക്ഷിച്ച് അത്യുഷ്ണം അനുഭവപ്പെടുന്നതിനാൽ വെള്ളത്തിന് കൂട്ടമുറവിളിയാണ്. പുതിയ സ്ഥലത്ത് വെള്ളം കൊടുക്കണമെങ്കിൽ നിലവിലുള്ളത് നിർത്തിവെക്കേണ്ട സ്ഥിതിയാണ്. ഏറ്റവും കൂടുതൽ വയലുകളുള്ള വേളം പഞ്ചായത്തിൽ നിലവിൽ ഒരു കനാലും തുറന്നിട്ടില്ല.
പഞ്ചായത്ത് ഭരണസമിതി സമരം നടത്തിയതിന്റെ ഫലമായി കനാൽ തുറന്നെങ്കിലും രണ്ടുദിവസം മാത്രമാണ് വെള്ളം കിട്ടിയതെന്ന് ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പറയുന്നു. പെരുവയൽ വരെയുള്ള വേളം ബ്രാഞ്ച് കനാൽ കേരളംകണ്ടി മുക്കിലെ തടസ്സം കാരണം വിതരണം നിലച്ചു.
ചെരണ്ടത്തൂർ ചിറയിൽ വെള്ളമെത്തുന്ന മണിയൂർ ബ്രാഞ്ച് കനാൽ തിങ്കളാഴ്ച തുറന്നതായും അത് അടക്കുമ്പോൾ വേളത്തും തൂണേരിയിലും കനാലുകൾ തുറക്കുമെന്നും ജലസേചന വകുപ്പ് അസി. എൻജിനീയർ പറഞ്ഞു. ചെരണ്ടത്തൂർ ചിറയിൽ വെള്ളം എത്തിയാലേ കൃഷിക്ക് വെള്ളം എത്തിക്കാനാകൂ.
ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും വെള്ളം വിടണം. തിരുവള്ളൂരിലേക്കുള്ള കനാൽ അടച്ച് വെള്ളം നിർത്തിയാണ് മണിയൂരിലേക്ക് വിട്ടത്. തിരുവള്ളൂരിൽ ഒരാഴ്ചയാണ് വെള്ളം കൊടുത്തത്. ആയഞ്ചേരി ഭാഗത്തേക്ക് പോകുന്ന തുലാറ്റുംനട ഭാഗത്തെ കനാലിന്റെ പൈപ്പ് തകർന്നതിനാൽ അങ്ങോട്ട് വെള്ളം വിടാനാവുന്നില്ല.
കുറ്റ്യാടി ജലസേചന പദ്ധതി പരിധിയിൽ മെയിൻ കനാൽ, ബ്രാഞ്ച് കനാൽ, ഡിസ്ട്രിബ്യൂട്ടറി, സബ്ഡിസ്ട്രിബ്യൂട്ടറി, ഫീൽഡ്ബൂത്ത് എന്നിങ്ങനെ 603 കി.മീ. ദൂരം വ്യാപിച്ച കനാലുകളുണ്ട്. ഇവയിൽ ഏറെയും കാലപ്പഴക്കം കാരണം തകരാറിലാണ്. ഇതാണ് ജലച്ചോർക്ക് കാരണം. 150 കോടിയാണ് ഇതിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടത്.
കായക്കൊടി ഗ്രാമപഞ്ചായത്തിലെ പല ഭാഗങ്ങളിലും കനാൽ തുറന്നാൽ ചോർച്ച കാരണം വഴികൾ തോടുകളാവും. കിണറുകൾ, കുളങ്ങൾ എന്നിവ കവിയാറുണ്ടെന്നും പറയുന്നു. പെരുവണ്ണാമൂഴിയിൽ സപ്പോർട്ട് ഡാമിന്റെ നിർമാണം നടക്കുന്നതിനാൽ വെള്ളം തുറന്നുവിടുന്നതിൽ നിയന്ത്രണമുള്ളതായും പറഞ്ഞു. കുറ്റ്യാടി പുഴയിൽ ഉപ്പുവെള്ളം കയറാതിരിക്കാൻ അണക്കെട്ടിലെ വെള്ളം പുഴയിലേക്ക് തുറന്നുവിടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.