ദൃശ്യവിസ്മയമൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം
text_fieldsകുറ്റ്യാടി: സഞ്ചാരികൾക്ക് ദൃശ്യവിസ്മയമായി കാവിലുമ്പാറ പഞ്ചായത്തിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം. പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച നയനാനന്ദകരമാണ്. ജില്ലക്കകത്തും പുറത്തും നിന്ന് ദിനേന നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 20 മീറ്റർ ഉയരത്തിൽനിന്ന് മൂന്നു ഘട്ടങ്ങളായാണ് ജലപാതം.
ആദ്യം പത്തു മീറ്റർ താഴെ കുത്തനെ പാറക്കെട്ടിൽ വീണ് ചിതറുന്ന വെള്ളത്തിന്റെ മാസ്മരികതയിൽ കാഴ്ചക്കാർ ലയിച്ചുപോകും. എന്തിനെയും തച്ചുതകർക്കാനുള്ള ഹുങ്കാരവുമായാണ് അടുത്ത ഘട്ടത്തിൽ വെള്ളത്തിന്റെ വരവ്. മലയുടെ ചരിവിലൂടെ വരുന്ന ചാപ്പൻതോട്ടം പുഴയുടെ കുതിപ്പും കൂടിയായതോടെ മഹാപ്രവാഹമായി പൂളപ്പാറപ്പാലത്തിനടിയിലൂടെ താഴ്വാരത്തിലേക്ക് പതിക്കുന്നു. മഴക്കാലത്ത് വെള്ളച്ചാട്ടം വിസ്മയമാണെങ്കിൽ വേനലിൽ കൺ കുളിർപ്പിക്കുന്നതാണ്. നിരവധി പേരാണ് കുളിക്കാനിറങ്ങുക. വെള്ളച്ചാട്ടത്തിന്റെ ആരംഭം കാണാൻ കുന്നുകയറണം. കരിങ്കല്ലു പതിച്ച റോഡുണ്ട്. കുറ്റ്യാടി-വയനാട് ചുരം റോഡിൽ ചാത്തൻകോട്ടുനടയിൽനിന്ന് ചാപ്പൻതോട്ടം റോഡിലൂടെ രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിനടുത്തെത്താം.
സൂചന ബോർഡൊന്നും സ്ഥാപിച്ചിട്ടില്ല. ‘വെള്ളച്ചാട്ടം സന്ദർശനവും കൂട്ടംകൂടി കുളിക്കലും നിരോധിച്ചിരിക്കുന്നു’ എന്നറിയിച്ച് കോവിഡ് കാലത്ത് സ്ഥാപിച്ച ബോർഡ് അവശേഷിക്കുന്നതിനാൽ സ്ഥലം മനസ്സിലാക്കാം. പ്രദേശം മോടികൂട്ടുകയും സന്ദർശകർക്ക് പാർക്കിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്താൽ ഗ്രാമപഞ്ചായത്തിന് സന്ദർശക ഫീസ് പിരിച്ച് മികച്ച വരുമാനമുണ്ടാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.