എടച്ചേരിയിലെ കിണർ ദുരന്തം: കായക്കൊടിക്ക് ആഘാതമായി
text_fieldsകുറ്റ്യാടി: എടച്ചേരിയിൽ കിണർ ദുരന്തത്തിൽെപട്ട് മയങ്ങിയിൽ കുഞ്ഞമ്മദ് മരിച്ചത് കായക്കൊടിക്ക് ആഘാതമായി. ദീർഘകാലമായി ഹൂബ്ലിയിൽ ഹോട്ടൽ ജോലി ചെയ്തിരുന്ന കുഞ്ഞമ്മദ് ലോക്ഡൗൺ കാരണം നാട്ടിലേക്കു തിരിച്ചുവന്ന് മറ്റു തൊഴിലുകളിൽ ഏർപ്പെടുകയായിരുന്നു. കുറച്ചുകാലം കായക്കൊടിയിൽ ഒരു ഹോട്ടലിലും ജോലി ചെയ്തിരുന്നു.
ലോക്ഡൗൺ കാരണം അതും അടച്ചതോടെ െമാകേരിയിലെ സംഘത്തിനൊപ്പം പകരക്കാരനായാണ് കുഞ്ഞമ്മദ് കിണർ ജോലിക്ക് േപായതെന്ന് നാട്ടുകാർ പറയുന്നു.
സാമൂഹിക പ്രവർത്തകൻകൂടിയായ കുഞ്ഞമ്മദ് ഏതു ദുരന്തസ്ഥലത്തും സഹായത്തിനെത്തും. കായക്കൊടിയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന നുസ്റത്തുൽ ഇഹ്വാൻ സംഘത്തിെൻറ സജീവ പ്രവർത്തകനായിരുന്നു. കുറച്ചുകാലം ഗൾഫിലും ജോലി ചെയ്തിരുന്നു.
ദുരന്തമുഖങ്ങളിലെ നെഞ്ചുറപ്പായി അലി
കുറ്റ്യാടി: ദുരന്തസ്ഥലങ്ങളിൽ ജീവൻ പണയപ്പെടുത്തി രക്ഷാ പ്രവർത്തനം നടത്താൻ എന്നും ഇൗ ചെറുപ്പക്കാരനുണ്ടാവും. ദുരന്തങ്ങളുണ്ടാവുേമ്പാൾ ഫയർഫോഴ്സും പൊലീസും മുങ്ങൽവിദഗ്ധൻകൂടിയായ പന്തിരിക്കരയിലെ കയേനാത്ത് മീത്തൽ ഒ.ടി. അലിയെയാണ് (34) അന്വേഷിക്കുക. ബുധനാഴ്ച എടച്ചേരിയിൽ കിണർ ദുരന്തത്തിൽ മരിച്ച കായക്കൊടിയിലെ മയങ്ങിയിൽ കുഞ്ഞമ്മദിെൻറ മൃതദേഹം കിണറ്റിെൻറ അടിയിൽനിന്ന് ഫയർഫോഴ്സിെൻറ സഹായത്തോടെ പൊക്കിയെടുത്തത് അലിയും കൂട്ടുകാരൻ അർഷാദും കൂടിയാണ്.
മണ്ണിടിഞ്ഞുവീണ് തൂർന്ന കിണറ്റിൽ ഏതാണ്ട് രണ്ടരയാൾ വെള്ളമുണ്ടായിരുന്നതായി അലി പറഞ്ഞു. ഒന്നര മീറ്റർ ഉയരത്തിൽ കിടക്കുന്ന മണ്ണിൽ പുതഞ്ഞുകിടക്കുകയായിരുന്നു മരിച്ചയാൾ. ഒന്നര മണിക്കൂറിലേറെയാണ് മണ്ണിടിയാൻ സാധ്യതയുള്ള കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. അതിനിടയിൽ മുകൾ ഭാഗത്തുനിന്ന് ചെറിയതോതിൽ മണ്ണും കല്ലും താഴേക്കു വീണിരുന്നു. മൃതദേഹം കണ്ടെത്താൻ നൂറു തവണയിലേറെ മുങ്ങിയിട്ടുണ്ടാവുമെന്ന് അലി പറയുന്നു. മരിച്ചയാളുടെ കൈ കണ്ടെത്തിയതോടെ കിണറ്റിൽ അർഷാദും ഇറങ്ങുകയായിരുന്നു.
പന്തിരിക്കര െപാലീസ് സ്റ്റേഷനടുത്ത് അടുത്തിടെ ആഴമേറിയ കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്തിയത് അലിയും കൂട്ടരുമാണ്. ശുദ്ധവായു കിട്ടാത്ത കിണറ്റിൽ അലി മാത്രമാണ് ഇറങ്ങാൻ ധൈര്യപ്പെട്ടത്. കഴിഞ്ഞ പ്രളയകാലത്ത് വയനാട്, എറണാകുളം ഭാഗങ്ങളിൽ വെള്ളത്തിൽ മുങ്ങിയ നാനൂറോളം കിണറുകൾ വൃത്തിയാക്കാൻ അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ നിപ കാലത്ത് കൂത്താളിയിൽ ഒരു വീട്ടിൽ കിടന്ന പഴകിയ മൃതദേഹം ആരും എടുക്കാൻ സന്നദ്ധരാവാത്തതിനാൽ അലിയും കൂട്ടുകാരുമാണ് പുറത്തെടുത്ത് സംസ്കരിച്ചത്.
കിണർ നിർമാണ വിദഗ്ധനായ അലി കിണറിന് കുറ്റിയടിക്കൽ, കുഴിക്കൽ, റിങ് ഇറക്കൽ തുടങ്ങിയ ജോലികൾ ചെയ്യുന്നു. ആറുമാസമാണ് ജോലി. ബാക്കികാലം സാമൂഹിക സേവനമാണ്. കുറ്റ്യാടി മേഖല എമർജൻസി ടീം ജോയൻറ് സെക്രട്ടറിയും കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന വളൻറിയറുമാണ്.
നടുക്കം മാറാതെ പ്രദീപനും മനോജനും
നാദാപുരം: ജീവൻ തിരിച്ചുകിട്ടിയെങ്കിലും സഹപ്രവർത്തകരിൽ രണ്ടു പേർ അപകടത്തിൽപെട്ടതിെൻറ നടുക്കംമാറാതെ പ്രദീപനും മനോജനും. അപകടത്തിൽ മരിച്ച കായക്കൊടിയിലെ മയങ്ങിയിൽ ടി. കുഞ്ഞമ്മദിെൻറ മൃതദേഹം ഉച്ചയോടെ പുറത്തെടുത്തപ്പോഴും ഇവർ ജോലിെക്കത്തിയ ഓട്ടോറിക്ഷയിലിരുന്ന് തങ്ങളനുഭവിച്ച ഭീകരതയുടെ നടുക്കത്തിൽ തേങ്ങുകയായിരുന്നു. അടുക്കത്താണ് പ്രദീപനും മനോജനും താമസിക്കുന്നത്.നാലുപേരടങ്ങുന്ന സംഘം രാവിലെ ഏഴരയോടെയാണ് കുറ്റ്യാടിയിൽനിന്ന് ഓട്ടോറിക്ഷയിൽ എടച്ചേരിയിലേക്കു പുറപ്പെട്ടത്.
എട്ടരയോടെ ജോലികൾ ആരംഭിച്ചു. തലേ ദിവസം പതിച്ച കല്ലുകൾക്കു മുകളിൽ പുതിയ കല്ലുകൾവെച്ച് പടവുകൾ മുകളിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതേയുള്ളൂ. ബുധനാഴ്ചത്തെ ഒറ്റദിവസത്തെ ജോലിയോടെ പണി പൂർത്തിയാക്കാൻ കാത്തുനിൽക്കുകയായിരുന്നു. ഇതിനിടയിലാണ് ഒമ്പതു മണിയോടെ ആരംഭിച്ച ശക്തമായ മഴ എല്ലാ സ്വപ്നങ്ങളും തകർത്തത്. പ്രകടമായ ഒരു അപകട ഭീഷണിയും സ്ഥലത്തുണ്ടായിരുന്നില്ല. എന്നാൽ, ശക്തമായ മഴയിൽ കിണറിനു സമീപം കിണറ്റിൽനിന്ന് കയറ്റിയിട്ട മൺകൂന ഒന്നാകെ കിണറ്റിലേക്കു താഴുകയായിരുന്നു.
മണ്ണുവീഴ്ചയിൽ തൊഴിലാളികൾ പടവുകൾക്കിടയിൽ സ്ഥാപിച്ച മരപ്പലകകൾ തെന്നിമാറി. ഇവിടെ നിന്ന് ജോലി ചെയ്തിരുന്ന കുഞ്ഞമ്മദും പൊക്കനും 23 കോൽ ആഴമുള്ള കിണറ്റിനടിയിലേക്കു വീണു. പൊക്കന് ആശ്വാസമായി വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ കഴിഞ്ഞപ്പോൾ
ജീവൻ തിരിച്ചുകിട്ടി. നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനുംശേഷം ഉച്ചക്ക് രണ്ടരക്കാണ് കുഞ്ഞമ്മദിെൻറ ചേതനയറ്റ ശരീരം പുറത്തെടുത്തത്. ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ ജോലിചെയ്തിരുന്ന കുഞ്ഞമ്മദ് നാട്ടിലെ കിണർ നിർമാണ സംഘത്തോടൊപ്പം സഹായിയായി പോകാറുണ്ട്.കോവിഡ് കാരണം ജോലി നഷ്ടമായതോടെ ഈ സംഘത്തോടൊപ്പം വീണ്ടും ചേരുകയായിരുന്നു. എടച്ചേരിയിൽ നാലു ദിവസമായി ജോലി ആരംഭിച്ചിട്ട്. ഇതിനിടയിലാണ് വൻ ദുരന്തമായി മണ്ണിടിച്ചിൽ ഇയാളുടെ ജീവൻ തട്ടിയെടുത്തത്. കുഞ്ഞമ്മദിനെ കിണറ്റിലിറങ്ങി തപ്പിയെങ്കിലും മറ്റുള്ളവർക്ക് കണ്ടെത്താനായില്ല.ആദ്യമായാണ് ഇത്തരമൊരു അപകടത്തിനു മുന്നിൽ പെടുന്നതെന്ന് പ്രദീപനും മനോജനും പറഞ്ഞു.
വിവരമറിഞ്ഞതോടെ ദുരന്തസ്ഥലത്തേക്ക് വൻ ജനപ്രവാഹമായിരുന്നു. കോവിഡിനിടയിലും തിരക്കൊഴിവാക്കാൻ പൊലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ് ഷിജിൽ, തൂണേരി ബ്ലോക്ക് പ്രസിഡൻറ് കെ.പി. വനജ, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ശാന്തകുമാരി ടീച്ചർ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.