കാറ്റിൽ മലയോര മേഖലയിൽ വ്യാപക നാശം
text_fieldsകുറ്റ്യാടി: വേനൽ മഴയിലും കാറ്റിലും മരുതോങ്കര, തൊട്ടിൽപ്പാലം മേഖലയിൽ വ്യാപക നാശം. കാവിലുംപാറ പഞ്ചായത്തിൽ മരം വീണ് മൂന്ന് വീടുകൾ പൂർണമായും, അഞ്ച് വീടുകൾ ഭാഗികമായും തകർന്നു. കൃഷി നാശവുമുണ്ടായി. മരം വീണ് മലയോരത്തേക്കുള്ള മിക്ക റൂട്ടുകളിലും ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി തൂണുകൾ പരക്കെ തകർന്ന് നിരവധി പ്രദേശങ്ങൾ ഇരുട്ടിലായി.
വാഴപ്ലാക്കൽ രാജേന്ദ്രന്റെ വീടിന്റെ മേൽക്കൂര പ്ലാവ് വീണ് തകർന്നു. പുഴക്കലെപറമ്പത്ത് ബാലൻ, മഹ്മൂദ് ഹാജി എന്നിവരുടെ വീടുകളുടെ മേൽക്കൂര തെങ്ങ് വീണ് തകർന്നു. തൊട്ടിൽപ്പാലം ഓടങ്കാട്ടുമ്മൽ ബിജുവിന്റെ വീടിന് മുകളിൽ മരം വീണ് ഓട് മേൽക്കൂര തകർന്നു. മൊയിലോത്തറയിൽ കൊയിലോത്ത് അശോകന്റെ വീടും മരം വീണ് തകർന്നു.
കള്ളാട് തെങ്ങ് വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ജനകീയ ദുരന്ത നിവാരണ സേന പ്രവർത്തകർ മരം മുറിച്ചുമാറ്റി. ബെൽമൗണ്ടിൽ മേലെ പീടികയിൽ അലിയുടെ വീടിന്റെ മേൽക്കൂര തകർന്നു.
പാമ്പാട്ട് രാജുവിന്റെ ഓട്ടോ മരം വീണ് തകർന്നു. നാദാപുരം അഗ്നി രക്ഷസേനയും കെ.എസ്.ഇ.ബി അധികൃതരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാവിലുമ്പാറ വില്ലേജ് ഓഫിസിന് സമീപം മരം വീണ് അഞ്ച് ഹൈടെൻഷൻ ലൈനുകൾ തകർന്നാണ് വൈദ്യുതി മുടങ്ങിയത്. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികളാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.