പക്രന്തളത്ത് കാട്ടാനക്കൂട്ടമിറങ്ങി; വനപാലകർ കാട്ടിലേക്ക് തിരിച്ചുവിട്ടു
text_fieldsകുറ്റ്യാടി: വയനാട് ചുരം റോഡിൽ പക്രന്തളത്ത് കാട്ടാനയിറങ്ങിയത് വാഹന യാത്രക്കാരെ ഭീതിയിലാഴ്ത്തി. കുറ്റ്യാടി വനത്തിൽ വയനാടിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആനക്കൂട്ടം തീറ്റതേടി ഇറങ്ങി വന്നത്.
റോഡിൽ മൂന്നെണ്ണമേ ഇറങ്ങിയിരുന്നുള്ളൂവെങ്കിലും കാട്ടിനുള്ളിൽ കുറെ ആനകളുണ്ടായിരുന്നെന്ന് വനപാലകർ പറഞ്ഞു. പ്രദേശത്ത് കൃഷിയിടങ്ങളിൽ ആനയിറങ്ങി നാശനഷ്ടം വരുത്തുന്നത് പതിവാണ്. എന്നാൽ, പകൽ ഇത്രയികം ആനകൾ ഇറങ്ങുന്നത് ആദ്യമാണെന്ന് നാട്ടുകാർ പറഞ്ഞു. ചുരം റോഡിലൂടെയുള്ള യാത്ര പലരും നിർത്തി. വനപാലകരെത്തി പടക്കം പൊട്ടിച്ച് ആനകളെ ഉൾക്കാട്ടിലേക്ക് തുരത്തുകയാണുണ്ടായത്.
കുറ്റ്യാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽനിന്ന് ബീറ്റ് ഓഫിസർ ദീപേഷ്, വാച്ചർമാരായ ഒ.ജി. വിനോദ്, റിനീഷ്, ബിജു എന്നിവരാണ് ആനയെ തുരത്തിയത്. ആദ്യം പടക്കം പൊട്ടിച്ചപ്പോൾ ആനകൾ പിന്തിരിയുന്നതിന് പകരം വനപാലകർക്കു നേരെ പാഞ്ഞടുത്തിരുന്നതായും പറഞ്ഞു.
കുറെ നേരം പടക്കം പൊട്ടിയതോടെയാണ് ആനക്കൂട്ടം തിരിച്ചുപോയതെന്നും പറഞ്ഞു. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.