കുടിയിറങ്ങുമോ കുറ്റ്യാടിയിലെ ഗ്രാമന്യായാലയ?
text_fieldsകുറ്റ്യാടി: കുറ്റ്യാടിയിൽ പ്രവർത്തിക്കുന്ന കുന്നുമ്മൽ ബ്ലോക്ക് ഗ്രാമന്യായാലയ കുടിയിറക്ക് ഭീഷണിയിൽ. 2016 ജൂലൈയിൽ കുറ്റ്യാടി പഴയ സബ്രജിസ്ട്രാർ ഓഫിസ് കെട്ടിടത്തിൽ ആരംഭിച്ച ഗ്രാമകോടതിക്ക് ഇനിയും സ്വന്തം കെട്ടിടമായിട്ടില്ല. അതത് ഗ്രാമപഞ്ചായത്തുകളാണ് സൗജന്യമായി കെട്ടിടം ഒരുക്കേണ്ടത്.
പുരാവസ്തു വകുപ്പ് ഏറ്റെടുത്ത സബ്രജിസ്ട്രാർ ഓഫിസിൽനിന്ന് ന്യായാലയ ഒഴിയണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും ഹൈകോടതി നിർദേശമുള്ളതിനാൽ തുടർന്നുവരുകയാണത്രെ. പൈതൃക കെട്ടിടമായതിനാൽ ചുമരിൽ ആണി പോലും തറയ്ക്കാൻ പാടില്ല.
നാദാപുരം മുൻസിഫ് മജിസ്ട്രേറ്റാണ് ഇവിടെയും ന്യായാധിപൻ. വെള്ളിയാഴ്ചകളിലാണ് കേസുകൾ വിളിച്ചിരുന്നത്. എന്നാൽ, നാദാപുരത്ത് മുൻസിഫ് ഇല്ലാത്തതിനാൽ കുറ്റ്യാടിയിലും സേവനം ലഭിക്കുന്നില്ല. കഴിഞ്ഞ മേയ് മാസത്തിനു ശേഷം കേസുകൾ വിളിച്ചിട്ടില്ലെന്നാണ് പറയുന്നത്.
സാധാരണക്കാർക്ക് വേഗത്തിൽ നീതി ലഭ്യമാക്കുന്ന സ്ഥാപനമാണിത്. സെക്രട്ടറിയടക്കം (ജൂനിയർ സൂപ്രണ്ട്) 13 ജീവനക്കാരുണ്ട്. എന്നാൽ, സ്വന്തമായി ശുചിമുറിയില്ല. സബ് രജിസ്ട്രാർ ഓഫിസിലെ പൊതുജനങ്ങൾക്കുവേണ്ടിയുള്ള പഴയ ശുചിമുറിയാണ് ഇവർക്കും ആശ്രയം. വാതിൽ തകർന്ന ഈ ശുചിമുറിയാണ് വനിത ജീവനക്കാരടക്കം ഉപയോഗിക്കുന്നത്.
പഞ്ചായത്തിലെ മാവുള്ളചാലിൽ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ന്യായാലയത്തിന് നൽകാമെന്ന് പറഞ്ഞെങ്കിലും ടൗണിൽനിന്ന് അകലെയായതിനാൽ ഇവർ ഏറ്റെടുത്തില്ല.
കുറ്റ്യാടി പഞ്ചായത്ത് വിട്ടുകൊടുക്കുകയാണെങ്കിൽ മെച്ചപ്പെട്ട കെട്ടിട സൗകര്യം ഒരുക്കി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മറ്റു പഞ്ചായത്തുകൾ ഏറ്റെടുക്കാൻ തയാറുണ്ടത്രെ. ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ കഴിയാത്തതിനാൽ ഏതാനും ഓഫിസുകൾ കുറ്റ്യാടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ബ്ലോക്ക് ക്ഷീര വികസന വകുപ്പ് ഓഫിസ്, ഐ.സി.ഡി.എസ് ഓഫിസ് തുടങ്ങിയവയാണവ.
നാദാപുരത്ത് പ്രവർത്തിക്കുന്ന അഗ്നിരക്ഷ ഓഫിസ്, തൊട്ടിൽപാലത്തുള്ള കെ.എസ്.ആർ.ടി.സി സബ്ഡിപ്പോ തുടങ്ങിയവ സ്ഥലസൗകര്യമുണ്ടായിരുന്നെങ്കിൽ കുറ്റ്യാടിയിൽ ലഭിക്കുമായിരുന്നുവെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.