കുറ്റ്യാടി വലതുകര മെയിൻ കനാൽ തുറന്നു
text_fieldsകുറ്റ്യാടി: കാത്തിരിപ്പിനൊടുവിൽ കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിൻ കനാൽ തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പെരുവണ്ണാമൂഴിക്ക് സമീപം പട്ടാണിപ്പാറയിലെ ഷട്ടർ തുറന്നാണ് വെള്ളം വിട്ടത്. ഇടതുകര മെയിൻ കനാൽ കഴിഞ്ഞ മാസം 26ന് തുറന്നിരുന്നു. കനാലിൽ വൻതോതിൽ അഴുക്കുകളുള്ളതിനാൽ പതുക്കെയാണ് വെള്ളമൊഴുക്ക്. കനാലിൽ വെട്ടിയിട്ട ലോഡുകണക്കിന് പുല്ല്, ചെടികൾ എന്നിവയും വെള്ളത്തോടൊപ്പം ഒഴുകുകയാണ്. ഓരോ 15 കിലോമീറ്റർ ഇടവിട്ട് വെള്ളത്തിലെ അഴുക്ക് വൃത്തിയാക്കാൻ കരാർ നൽകിയിട്ടുണ്ട്. ഇവരാണ് അഴുക്കുകൾ വാരുന്നത്.
34.27 കിലോമീറ്ററുള്ള കനാലിന്റെ അവസാന ഭാഗമായ വില്യാപ്പള്ളിയിൽ വെള്ളമെത്താൻ ശനിയാഴ്ച വൈകുന്നേരമാവുമെന്ന് പദ്ധതി വിഭാഗം അസി. എൻജിനീയർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പട്ടാണിപ്പാറയിൽ നിന്നൊഴുകിയ വെള്ളം കുറ്റ്യാടിപ്പുഴക്കു കുറുകെ നീർപ്പാലവും കടന്ന് മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാടിലെത്താൻ ഉച്ചയായി.
കായക്കൊടി പഞ്ചായത്തിലെ കള്ളാട് നീർപ്പാലത്തിലെത്തിയത് വൈകീട്ട് അഞ്ചിന്. കായക്കൊടിയിലെത്താൻ രാത്രിയായി. കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലൂടെയാണ് വില്യാപ്പള്ളിയിലെത്തേണ്ടത്. അതുംകഴിഞ്ഞ് അഴിയൂർ, മണിയൂർ ബ്രാഞ്ച് കനാലിലും വെള്ളം വിടണം. കുറ്റ്യാടി മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം പരിഹരിക്കുന്നത് കനാൽ മുഖേനയാണ്.
കനാലിൽനിന്ന് കിണറിലേക്കും ജലാശയങ്ങളിലേക്കും വെള്ളം അരിച്ചിറങ്ങിയാണ് ഇത് സാധിക്കുന്നത്. കഴിഞ്ഞ വർഷം വലതുകര കനാൽ മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റിയിൽ തകർന്ന് കനാൽ ജലവിതരണം ഏതാനും ആഴ്ച നിലച്ചിരുന്നു. അടിയന്തര അറ്റകുറ്റപ്പണി നടത്തി ജലസേചനം പുനഃസ്ഥാപിക്കുകയും ഈ വർഷം 84 ലക്ഷം രൂപ ചെലവിൽ കനാൽ പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. കനാൽ തുറന്നതോടെ പരിസരങ്ങളിലുള്ളവർ ആഹ്ലാദത്തിലാണ്. വെള്ളം വരവ് കാണാൻ സ്ത്രീകളും കുട്ടികളുമുൾപ്പെടെ കനാൽ കരയിൽ തടിച്ചുകൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.