കുറ്റ്യാടിയിലെ തർക്കം: അംഗങ്ങളെ പുറത്താക്കിയ സി.പി.എം നിലപാടിൽ പ്രതിഷേധം
text_fieldsകുറ്റ്യാടി: നിയമസഭ സീറ്റിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിൽ പങ്കെടുത്തവരും അല്ലാത്തവരുമായ കുറ്റ്യാടിയിലെ പ്രാദേശിക നേതാക്കളെ ഉൾപ്പെടെ പുറത്താക്കിയ സി.പി.എം നിലപാടിനെതിരെ അണികളിൽ പ്രതിഷേധം പുകയുന്നു. കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റികളിലെ 32 പേർക്കെതിരെയാണിപ്പോൾ പുറത്താക്കൽ, തരംതാഴ്ത്തൽ, താക്കീത് ഉൾപ്പെടെ നടപടിയെടുത്തത്. യു.ഡി.എഫിൽനിന്ന് മണ്ഡലം തിരിച്ചുപിടിച്ചതിന് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതിനു പകരം ശിക്ഷാ നിലപാട് സ്വീകരിച്ചതിലാണ് പ്രതിഷേധം.
നടപടിക്കിരയായവരിൽ അധികം പേരുടെ പ്രദേശങ്ങളിലും മുന്നണിക്ക് മുമ്പത്തേക്കാൾ വോട്ട് കിട്ടിയിട്ടുണ്ടത്രെ. അത് പരിഗണിക്കാതെ സ്ഥാനാർഥിയെ തോൽപിക്കാൻ ശ്രമിച്ചു എന്ന 'വാസ്തവ വിരുദ്ധ' ആരോപണം ഉയർത്തിയതിലും അണികൾ നിരാശയിലാണ്. മറ്റു പാർട്ടികളിലാണെങ്കിൽ ജയിച്ച സ്ഥാനാർഥിക്ക് സ്ഥാനക്കയറ്റം കൊടുക്കുകയായിരുന്നു ഉണ്ടാവുക. എന്നാൽ, ഇവിടെ അനുഭവം മറിച്ചാണെന്നും പറയുന്നു.
പാർട്ടി സ്ഥാനാർഥി തോറ്റിരുന്നെങ്കിൽ ഇത്തരം അച്ചടക്ക നടപടികളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇനി ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ചുചേർത്ത് ശിക്ഷാ നടപടികൾ തുടരുന്നതോടെ പരസ്യ പ്രതിഷേധമുണ്ടാവുമെന്നും നേതൃത്വത്തിലെ ചിലർ ഭയപ്പെടുന്നു. 2016ൽ സി.പി.എമ്മിലെ കെ.കെ. ലതിക 1,157 വോട്ടിന് പരാജയപ്പെട്ട കുറ്റ്യാടി സീറ്റ് മുസ്ലിംലീഗിലെ പാറക്കൽ അബ്ദുല്ലയോട് 333 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇത്തവണ കെ.പി. കുഞ്ഞമ്മദ് കുട്ടി പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.