മാധ്യമം ലേഖകന് മർദനം: പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ സമരവുമായി പത്രപ്രവർത്തക യൂനിയൻ
text_fieldsകോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം സീനിയർ റിപ്പോർട്ടർ പി. ഷംസുദ്ദീനെ ഡി.വൈ.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിൽ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ). പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിനെതിരെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യൂനിയൻ ജില്ലാ കമ്മിറ്റി അറിയിച്ചു. ആദ്യഘട്ടമായി സെപ്റ്റംബർ മൂന്നിന് ശനിയാഴ്ച പ്രതിഷേധപ്രകടനം നടത്തും. രാവിലെ 10.30ന് പ്രസ് ക്ലബിന് മുന്നിൽ നിന്നാണ് പ്രകടനം ആരംഭിക്കുക.
ബുധനാഴ്ച രാവിലെയാണ് മെഡിക്കൽ കോളജ് ആശുപത്രി മുഖ്യകവാടത്തിന് സമീപമുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ഷംസുദ്ദീൻ അക്രമത്തിനിരയായത്. ആശുപത്രി സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. അരുണിന്റെ നേതൃത്വത്തിൽ ഒരുസംഘം പേർ വളഞ്ഞിട്ട് ആക്രമിക്കുന്നത് മൊബൈലിൽ പകർത്താൻ ശ്രമിക്കുമ്പോഴാണ് ഷംസുദ്ദീനെയും അക്രമിച്ചത്. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞിട്ടും മർദനം തുടർന്നു. തൊട്ടടുത്തുള്ള മെഡിക്കൽ കോളജ് പൊലീസ് സറ്റേഷനിലേക്ക് ഓടിക്കയറിയതിനാലാണ് ഷംസുദ്ദീൻ രക്ഷപെട്ടത്.
മാധ്യമപ്രവർത്തകരുടെ തൊഴിൽ സ്വാതന്ത്ര്യത്തിനും ജീവന് തന്നെയും ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ തടയണമെങ്കിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതുണ്ട്. എന്നാൽ, സംഭവം നടന്നിട്ട് രണ്ടുദിവസം പിന്നിട്ടിട്ടും ഒരു പ്രതിയെ പോലും പിടികൂടാൻ പൊലീസിനായിട്ടില്ല. അക്രമം നടത്തുന്നതിന്റെ വ്യക്തമായ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും മെല്ലെപോക്ക് തുടരുന്ന പൊലീസ് നിലപാട് പ്രതികളെ സംരക്ഷിക്കലായേ കാണാൻ സാധിക്കൂ എന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി പി.എസ്. രാകേഷും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.