ലാബുകളിൽ കൃത്യമായ വിലാസമില്ല; കോവിഡ് രോഗികളെ കണ്ടെത്താൻ വൈകുന്നു
text_fieldsകോഴിക്കോട് : സ്വകാര്യ ലാബുകളിൽ കോവിഡ് പരിശോധന നടത്തുമ്പോൾ വിലാസം കൃത്യമായി രേഖപ്പെടുത്താത്തത് രോഗികളെ കണ്ടെത്തുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. പല ലാബുകളും തദ്ദേശ സ്ഥാപനത്തി െൻറ പേരും സ്ഥലവും കൃത്യമായി രേഖപ്പെടുത്തുന്നില്ല. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ വിലാസത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മാറ്റിയാണ് നൽകുന്നത്. അടുത്തുള്ള തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലായിരിക്കും എന്ന് ഊഹിച്ച് നൽകുന്നതാണ് പ്രശ്നങ്ങൾക്ക് ഇടവെക്കുന്നത്.
labsys.health.kerala.gov.in എന്ന സൈറ്റിലാണ് രോഗികളുടെ വിവരങ്ങൾ നൽകേണ്ടത്. ഈ വിവരങ്ങൾ ഓട്ടോമാറ്റിക്കായി ജാഗ്രതാ പോർട്ടലിലും ലഭ്യമാകും. ലാബ്സിസ് സൈറ്റിൽ രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപനത്തി െൻറ കീഴിലാണ് ജാഗ്രത പോർട്ടലിൽ ഇവരുടെ വിവരങ്ങൾ ലഭ്യമാവുക. വിലാസം തെറ്റായി രേഖപ്പെടുത്തുമ്പോൾ രോഗികളെ കണ്ടെത്താനും ക്വാറൻറീൻ ഉറപ്പുവരുത്താനും അധികൃതർക്ക് സാധിക്കാതെ വരുന്നു. രോഗികളെ കണ്ടെത്താനായി അതത് തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യ വിഭാഗം ശ്രമിക്കുമ്പോഴാണ് പല വിലാസങ്ങളും തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് മനസ്സിലാകുന്നത്. ഈ രോഗിയെ നേരിട്ട് ബന്ധപ്പെടുമ്പോഴാണ് ഇവർ മറ്റു പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമാണെന്ന് വ്യക്തമാകുന്നത്. അതനുസരിച്ച് വിവരങ്ങൾ മാറ്റി രേഖപ്പെടുത്തുമ്പോൾ മാത്രമേ യഥാർഥ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഈ വ്യക്തികൾ കോവിഡ് പോസിറ്റിവായ വിവരം അറിയുകയുള്ളൂ. അതത് തദ്ദേശ സ്ഥാപനങ്ങൾ ഇവരെയും വീട്ടുകാരെയും ബന്ധപ്പെടുമ്പോഴേക്കും രോഗികളും വീട്ടുകാരും നിരവധി പേർക്ക് രോഗം കൈമാറി കഴിഞ്ഞിരിക്കും.
ഉദാഹരണത്തിന് കോർപറേഷൻ പരിധിയിൽ താമസിക്കുന്ന ചെറുവണ്ണൂർ സ്വദേശിക്ക് രോഗം സ്ഥിരീകരിക്കുമ്പോൾ തദ്ദേശസ്ഥാപനം ഫറോക്ക് എന്ന് രേഖപ്പെടുത്തിയാൽ രോഗിയെ കണ്ടെത്താൻ സാധിക്കില്ല. ഒളവണ്ണ പഞ്ചായത്തിൽ താമസിക്കുന്നവർക്ക് കോർപറേഷൻ എന്ന് രേഖപ്പടുത്തുന്നതും സ്ഥിരം പ്രശ്നമാണ്. കോർപറേഷൻ അതിർത്തിക്ക് സമീപം താമസിക്കുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെ നിരവധി ആളുകളെയാണ് കോർപറേഷനിൽ ഉൾപ്പെടുത്തുന്നത്. ഇതുമൂലം പുറത്തുള്ള കേസുകളും നഗരസഭ പരിധിയിൽ എന്ന രീതിയിൽ വിവരങ്ങൾ വരുന്നു. കോർപറേഷൻ പരിധിയിൽ 1,500ഓളം കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ശരാശരി 500 പേർ മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ ഉള്ളവരാണ്. ഇവരുടെ എല്ലാം വിലാസം തെറ്റായി രേഖപ്പെടുത്തുന്നത് മൂലമാണ് കോർപറേഷൻ പരിധിക്കു കീഴിൽ എന്ന് റിപ്പോർട്ട് വരുന്നത്. ഇങ്ങനെ ജില്ലയിൽ ദിവസവും പോസിറ്റിവാകുന്ന രോഗികളിൽ 20 ശതമാനത്തോളം വിലാസം തെറ്റായാണ് രേഖപ്പെടുത്തുന്നത്.
പത്തോ പന്ത്രണ്ടോ രോഗികളുടെ മാത്രം പ്രശ്നം ആയിരുന്നെങ്കിൽ വിലാസം മാറ്റി നൽകാമായിരുന്നെന്നും എന്നാൽ, ദിവസവും ഇത്രയധികം രോഗികളുടെ വിലാസം മാറ്റേണ്ടിവരുന്നത് ഉദ്യോഗസ്ഥർക്ക് ഇരട്ടി ജോലി ആവുകയാണ് എന്നും ജീവനക്കാർ പരാതിപ്പെടുന്നു. പലതവണയായി ഡി.എം.ഒ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നിട്ടും ആവശ്യമായ നടപടികൾ ഒന്നും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. അതുപോലെ, മെഡിക്കൽ കോളജ്, ബീച്ച് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽനിന്ന് ജില്ലക്ക് പുറത്തുള്ള രോഗികളുടെ വിലാസത്തിന് പകരം ആശുപത്രിയുടെ വിലാസം നൽകുന്നതും രോഗികളെ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.