ശുചിത്വമില്ലായ്മ; മൂന്നു സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsനാദാപുരം: ഭക്ഷ്യവിൽപനശാലയിൽനിന്നു വാങ്ങിയ പപ്സ് കഴിച്ചതിനെ തുടർന്ന് ചേലക്കാട് സ്വദേശികളായ രണ്ടു കുട്ടികൾക്കും മാതാവിനും ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി പരാതി. ഇവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാദാപുരത്തെ എം.ആർ.എ ബേക്കറിക്കെതിരെയാണ് ഇവരുടെ പരാതി.
ഇവരിൽനിന്ന് വിവരം ശേഖരിച്ച ആരോഗ്യ വിഭാഗം സ്ഥാപനത്തിൽ പരിശോധന നടത്തി. പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങൾ ഒന്നുംതന്നെ കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലിനജല സംസ്കരണ സംവിധാനം തൃപ്തികരമല്ലാത്തതിനാൽ പ്രശ്നം പരിഹരിക്കുന്നതുവരെ സ്ഥാപനത്തിലെ കൂൾബാർ, ചായ വിൽപന എന്നിവ നിർത്തിവെക്കാൻ നോട്ടീസ് നൽകി.
സമീപത്തുള്ള ഹൈ ലുക്ക് ടീഷോപ്, ബേക്ക് പോയന്റ് എന്നീ സ്ഥാപനങ്ങൾക്കും കൂൾബാർ, ടീഷോപ് പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.രണ്ടു സ്ഥാപനങ്ങളിലെയും മലിനജല സംസ്കരണ സംവിധാനം മാറ്റി ശാസ്ത്രീയമായ സംവിധാനം ഒരുക്കിയതിനു ശേഷം മാത്രമേ സ്ഥാപനം പ്രവർത്തിക്കാൻ അനുമതി നൽകുകയുള്ളൂ.
പരിശോധനയിൽ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പ്രീജിത്ത്, സി. പ്രസാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.