ഡോക്ടർമാരുടെ അഭാവം; കോഴിക്കോട് മെഡിക്കൽ കോളജിന് ഒമ്പതു തസ്തിക അനുവദിച്ചു
text_fieldsകോഴിക്കോട്: ഡോക്ടർമാരുടെ അഭാവത്തിൽ വീർപ്പുമുട്ടുന്ന കോഴിക്കോട് മെഡിക്കൽ കോളജിന് താൽക്കാലിക ആശ്വാസമായി ഒമ്പതു ഡോക്ടർമാരുടെ തസ്തിക അനുവദിച്ചു.
നാലു സീനിയർ റസിഡന്റുമാരുടെയും ഒരു അസോസിയേറ്റ് പ്രഫസറുടെയും നാല് അസിസ്റ്റന്റ് പ്രഫസർമാരുടെയും തസ്തികയാണ് അനുവദിച്ചത്. എമർജൻസി മെഡിസിൻ, സി.വി.ടി.എസ് എന്നിവയിൽ രണ്ടു വീതം സീനിയർ റസിഡന്റുമാർ, സർജിക്കൽ ഗാസ്ട്രോഎൻററോളജിയിൽ ഒരു അസോസിയേറ്റ് പ്രഫസർ, നിയോ നാറ്റോളജി, റുമാറ്റോളജി, ഇന്റർവെൻഷനൽ റേഡിയോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിൽ ഓരോ അസിസ്റ്റന്റ് പ്രഫസർമാരെയുമാണ് മെഡിക്കൽ കോളജിന് ലഭിക്കുക.
മലബാറിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കോഴിക്കോട് മെഡിക്കൽ കോളജില് അധ്യാപകർ മരുന്നിനു മാത്രമായത് ഏറെ ആക്ഷേപത്തിനിടയാക്കിയിരുന്നു. പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തുടങ്ങി 469 സ്ഥിരം തസ്തികകളാണ് മെഡിക്കൽ കോളജിൽ ഉണ്ടായിരുന്നത്. ഇതിൽ 80 തസ്തികയിൽ ആളില്ല. വർഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന പല തസ്തികകളും നികത്താത്തത് വിദ്യാർഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുകയും രോഗികൾക്ക് ചികിത്സ വൈകാൻ ഇടയാക്കുകയും ചെയ്തിരുന്നു. 1962 സ്റ്റാഫ് പാറ്റേൺ അനുസരിച്ച് അനുവദിച്ച പോസ്റ്റുകളാണ് ഇക്കാലമത്രയും ഉണ്ടായിരുന്നത്.
അതിനുശേഷം മെഡിക്കൽ കോളജിൽ ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തുകയും വിവിധ അത്യാധുനിക ചികിത്സസംവിധാനങ്ങൾ സ്ഥാപിക്കുകയും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിക്കുകയും ചെയ്തെങ്കിലും ഒരു തസ്കികപോലും അനുവദിച്ചിരുന്നില്ല. നിലവിലെ വർധന കോഴിക്കോടിന് ആവശ്യത്തിന് പര്യാപ്തമല്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.