അടിസ്ഥാന സൗകര്യങ്ങളില്ല; തീരദേശ പൊലീസ് കിതക്കുന്നു
text_fieldsവടകര: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തീരദേശ പൊലീസ് കിതക്കുന്നു. ഡീസൽ അടിക്കാൻ വഴിയില്ലാതായതോടെ രക്ഷാ ബോട്ട് കട്ടപ്പുറത്തായി. ഇതോടെ കടൽ നിരീക്ഷണം നിലച്ചു.
കടലോര മക്കൾക്ക് ആശ്രയമാവേണ്ട തീരദേശ പൊലീസിന്റെ ഏക രക്ഷാമാർഗമായ ഇന്റർസെപ്ടർ ബോട്ട് ഡീസൽ അടിച്ച കുടിശ്ശിക 2,50,000 ത്തോളം രൂപയാണുള്ളത്. ഇതിനാൽ പമ്പുകാർ ഡീസൽ അടിച്ച് കൊടുക്കാതായി. കഴിഞ്ഞ ആഴ്ച ഗോസായി കുന്നിനടുത്ത കടലിൽ വീണു മരിച്ച അനുചന്ദിനുവേണ്ടി തെരച്ചിൽ നടത്താൻ ഡീസൽ ഊരാളുങ്കൽ സൊസൈറ്റിയിൽനിന്നു കടം വാങ്ങിയാണ് തെരച്ചിൽ നടത്തിയത്.
അഴിയൂർ പൂഴിത്തല മുതൽ കൊയിലാണ്ടി തിക്കോടി കോടിക്കൽ ബീച്ച് വരെയുള്ള 30 കിലോമീറ്ററാണ് വടകര തീരദേശ പൊലീസ് സ്റ്റേഷൻ പരിധി. സ്റ്റേഷനിലുള്ള ഇന്റർസെപ്ടർ ബോട്ടിന് ശക്തമായ തിരമാലകളെ മുറിച്ച് കടന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ കഴിയില്ല. 12 വർഷത്തിലധികമായ കാലപ്പഴക്കം ചെന്ന ബോട്ടിന് പകരം സ്പീഡ് ബോട്ട് അനുവദിക്കണമെന്ന് നിരവധി പരാതികൾ നൽകിയെങ്കിലും അവഗണിക്കുകയായിരുന്നു.
വിസ്തൃതമായ കടൽ മേഖലയിൽ എത്തിപ്പെടാൻ ഏറെ സമയമെടുക്കുന്നതിനാൽ ബോട്ട് രക്ഷാപ്രവർത്തനത്തിന് പലപ്പോഴും ഉപയോഗപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്. ബോട്ടിന്റെ ഇന്ധനച്ചെലവിലേക്കുള്ള ഫണ്ട് ലഭ്യമാവാത്തതാണ് നിലവിൽ ബോട്ട് നിശ്ചലമാവാൻ ഇടയാക്കിയത്. ബോട്ട് നിലച്ചതോടെ കടലിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലും ലഹരിക്കടത്ത്, തീരസുരക്ഷ എന്നിവക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയാതെ തീരദേശ പൊലീസ് കൈ മലർത്തുകയാണ്.
നാലു മാസത്തിലേറെയായി കടൽ നിരീക്ഷണം നിർത്തിയിട്ട്. എന്നാൽ, ഇന്ധന കുടിശ്ശിക തീർക്കാനോ പകരം സംവിധാനം ഏർപ്പെടുത്താനോ ഉന്നതതലത്തിൽ നിന്നും നടപടികൾ ഉണ്ടായിട്ടില്ല. പൊലീസ് നിരീക്ഷണ ബോട്ട് നിർത്തിയിടുന്നതിന് ബോട്ട് ജെട്ടി നിർമിക്കുന്നതിനും ആധുനിക സൗകര്യങ്ങളോടുകൂടിയ മുങ്ങൽ ഉപകരണങ്ങൾ, സ്പീഡ് ബോട്ട്, ഡിങ്കി ബോട്ടുകൾ, കാമറകൾ, ഡ്രോൺ, സെർച്ചിങ് വിളക്ക്, അലാസ്ക വിളക്ക് അടക്കം നിരവധി ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും നടപടികൾ ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.